കാഞ്ഞിരപ്പള്ളി: കപ്പാട് മൂന്നാം മൈലിൽ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. സമീപ വീടുകളുടെ മുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോളും മോഷ്ടിച്ചു. വിദേശത്തുള്ള കപ്പാട് നടുവക്കാട്ട് മാത്തുക്കുട്ടിയുടെ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയാണ് കഴിഞ്ഞ രാത്രിയിൽ നിലവിളക്ക് മോഷ്ടിച്ചത്. വീട്ടിലെ അലമാര, മേശ എന്നിവ തുറന്ന് പരിശോധിച്ചിട്ടുണ്ട്. ലോക്കർ കുത്തി തുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. മാത്തുക്കുട്ടിയും കുടുംബവും വിദേശത്തായിരുന്നതിനാൽ വിലപ്പെട്ട സാധനങ്ങളൊന്നും വീട്ടിൽ സൂക്ഷിച്ചു വച്ചിരുന്നില്ല. സമീപവാസിയായ നടുവക്കാട്ട് അനിൽ തോമസിന്റെ വീട്ടിലും മോഷണമുണ്ടായി. ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുക്കുകയും കേടുവരുത്തുകയും ചെയ്തു. അടുപ്പുകല്ലുങ്കൽ ജോസ് അഗസ്റ്റിൻ, നടുത്തൊട്ടി ജോസ് എന്നിവരുടെ വീടുകളിൽ നിന്ന് ഇരുചക്രവാഹനങ്ങളിലെ പെട്രോളും മോഷ്ടിച്ചു. പെട്രോൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ സിബി ടോം, പി.കെ.ശിവനുണ്ണി, ജോർജുകുട്ടി കുരുവിള എന്നിവർ പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |