മലപ്പുറം: സോഷ്യൽമീഡിയയിലൂടെ സൗഹൃദത്തിലായ യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടങ്ങുന്ന അഞ്ചംഗ സംഘം പിടിയിൽ. അരീക്കോട് കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി ഹരികൃഷ്ണൻ (18) തുടങ്ങിയവരാണ് അറസ്റ്റിലായത്. കാവനൂർ സ്വദേശിയായ 26കാരനാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്.
ഹണിട്രാപ്പ് സംഘം 26കാരനുമായി ആദ്യം സോഷ്യൽമീഡിയയിലൂടെ സൗഹൃദത്തിലാകുകയായിരുന്നു. സംഘത്തിലെ 15 കാരന്റെ പേരിൽ തന്നെയായിരുന്നു 26കാരനെ ഹണിട്രാപ്പിൽ കുടുക്കിയത്. ആൺകുട്ടിയുമായുളള സൗഹൃദം ശക്തമായതോടെയാണ് അരീക്കോട് വച്ച് കാണാമെന്ന് പരാതിക്കാരൻ അറിയിച്ചത്. എന്നാൽ ആൺകുട്ടികളെ കാണാനെത്തിയ യുവാവിനെ പ്രതികൾ സംഘം മർദ്ദിച്ച് അവശനാക്കുകയും പണമാവശ്യപ്പെടുകയായിരുന്നു.
ആദ്യം 20,000 രൂപയും പിന്നീട് ഒരു ലക്ഷം രൂപയോളം പ്രതികൾ യുവാവിന്റെ കൈയിൽ നിന്നും ഭീഷണിപ്പെടുത്തി പിടിച്ചെടുക്കുകയായിരുന്നു.തുടർന്നും യുവാവ് സംഘത്തിന് 40,000 രൂപ നൽകി. എന്നാൽ പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ പൊലീസിൽ വിവരമറിയിച്ചത്. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയും തട്ടിയെടുത്ത പണവുമായി കൊടൈക്കനാലിൽ പോയി തിരിച്ചെത്തിയ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഘത്തിലെ മൂന്നുപേരെ ഇന്ന് മഞ്ചേരി കോടതിയിലും രണ്ടുപേരെ പ്രത്യേക കോടതിയിലും ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |