തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽഫോൺ മോഷ്ടിച്ച പശ്ചിമബംഗാൾ സ്വദേശിയായ പാൻട്രി ജീവനക്കാരൻ മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ. പശ്ചിമബംഗാൾ ബർദ്ദമാൻ സ്വദേശി തൗസിഫിനെയാണ് (34) തിരുവനന്തപുരം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മേഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു. സെപ്തംബർ 11ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. നിസാമുദ്ദീൻ - തിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയുടെ 15,000 രൂപ വിലമതിക്കുന്ന മൊബൈൽഫോണാണ് മോഷണം പോയത്. മയക്കുമരുന്ന് നൽകി മയക്കിക്കിടത്തിയ ശേഷമാണ് മോഷണം നടത്തിയതെന്നാണ് പരാതി. നഷ്ടപ്പെട്ട ഫോണിന്റെ ഇ.എം.ഇ.ഐ നമ്പർ പരിശോധിച്ചതിൽ നിന്ന് മറ്റൊരു സിം കാർഡിട്ട് ആരോ ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ഇത് കേരളത്തിന് പുറത്താണെന്ന് മനസിലാക്കുകയും ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |