മാള: ആളൂരിൽ വീട് കുത്തിത്തുറന്ന് 35 പവനും 22,000 രൂപയും മോഷണം പോയതായി പരാതി. ആളൂർ ചങ്ങലഗേറ്റിന് സമീപമുള്ള ജോർജിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പൊലീസിൽ പരാതി നൽകി. രാവിലെ ഉറക്കമുണർന്നപ്പോൾ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിലെ സ്വർണം നഷ്ടപ്പെട്ടതായി മനസിലാക്കിയതെന്ന് ജോർജിന്റെ മകൻ ജോയ് പറഞ്ഞു.
ജോയിയും ഭാര്യയും മക്കളും കിടന്നിരുന്ന മുറിയിലെ അലമാരയിൽ നിന്നാണ് ഏകദേശം 35 പവനോളം സ്വർണം നഷ്ടപ്പെട്ടത്. ഇതോടൊപ്പം മേശയ്ക്ക് മുകളിൽ ഇരുന്നിരുന്ന പഴ്സിൽ നിന്ന് 22,000 രൂപയും നഷ്ടപ്പെട്ടതായി പറയുന്നു. വീടിന്റെ മുൻവശത്തുള്ള വാതിലിനോട് ചേർന്നുള്ള ജനാലകളിലൊന്ന് കുത്തിത്തുറന്ന നിലയിലാണ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |