ഇരിങ്ങാലക്കുട : ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ബി.കെ.സുനിൽ കൃഷ്ണൻ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശിയായ മണ്ണാർത്തൊടി വീട്ടിൽ മുഹമ്മദ് ബാഷയുടെ മകൻ അൽ അമീനാണ് (28) അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയും ഇപ്പോൾ ഇരിങ്ങാലക്കുടയിൽ താമസിച്ചു വരുന്നതുമായ യുവതിയുടെ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്.
പ്രതി അബുദാബിയിൽ ജോലി ചെയ്ത് വരികെ 2021 ലാണ് പരാതിക്കാരിയുമായി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് യുവതിയുമായി അടുപ്പത്തിലായ പ്രതി യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തുകയും ഓൺലൈൻ ചാറ്റിംഗിലൂടെയും വീഡിയോ കോളിലൂടെയും നഗ്‌നച്ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയായിരുന്നു. പ്രതിക്ക് മറ്റ് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ പരാതിക്കാരി പ്രതി അൽ അമീനുമായുള്ള ബന്ധം ഉപേക്ഷിച്ചു.
തുടർന്ന് പ്രതി നിരന്തരം ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് ഓൺലൈൻ സോഷ്യൽ മീഡിയയിലൂടെയും പരാതിക്കാരിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വന്നിരുന്നു.
പരാതിക്കാരിയുടെ നഗ്‌നച്ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റ് മുഖേന പ്രചരിപ്പിക്കുമെന്നും ഇത് പ്രചരിപ്പിക്കാതിരിക്കാൻ രണ്ട് ലക്ഷം രൂപ നൽകണമെന്നും മറ്റും പ്രതി ആവശ്യപ്പെട്ടു. പ്രതിയുടെ ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ കഴിഞ്ഞ ഒക്ടോബർ മാസം പ്രതി ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് നഗ്‌നച്ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ആവലാതിക്കാരി ഇരിങ്ങാലക്കുടയിലുള്ള തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മുമ്പാകെ പരാതി നൽകുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി വിദേശത്തേക്ക് കടന്നുകളഞ്ഞു. ന്യൂ ഇയർ ആഘോഷിക്കാൻ പ്രതി വർക്കലയിലെത്തിയിട്ടുണ്ട് എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പി.സി ഹരിദാസിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ.സുനിൽ കൃഷ്ണൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ തോമാസ് സി.എം, സി.സി.പി.ഒമാരായ മനോജ് എ.കെ, അജിത്ത് കുമാർ കെ.ജി, സി.പി.ഒമാരായ ഷനൂഹ് സി.കെ, ഹസീബ് കെ.എ എന്നിവർ ചേർന്ന് വലയിലാക്കുകയായിരുന്നു. പ്രതിയുടെ പേരിൽ ചാവക്കാട് സ്റ്റേഷനിലും വർക്കല സ്റ്റേഷനിലും സമാന സ്വഭാവമുള്ള കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |