കൊച്ചി: കോതമംഗലത്ത് യുവാവിനെ പെൺസുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയതായി സംശയം. മാതിരപ്പിള്ളി സ്വദേശി അൻസിൽ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു യുവാവിന്റെ മരണം. സംഭവത്തിൽ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേക്കും.
പെൺസുഹൃത്ത് വിഷം കലക്കിത്തന്നതായി ചികിത്സയിലിരിക്കെ അൻസിൽ മൊഴി നൽകിയിരുന്നുവെന്നാണ് സൂചന. യുവതി വിഷം വാങ്ങിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വധശ്രമത്തിനായിരുന്നു ആദ്യം കേസെടുത്തത്. യുവാവ് മരിച്ചതോടെ കൊലക്കുറ്റം ചുമത്താനാണ് പൊലീസിന്റെ തീരുമാനം.
എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഇരുവരും തമ്മിൽ ദീർഘനാളുകളായി അടുപ്പത്തിലായിരുന്നു. ഇടയ്ക്ക് പിണങ്ങിയപ്പോൾ അൻസിലിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. അതിനുശേഷം ഇരുവരും തമ്മിൽ വീണ്ടും അടുപ്പത്തിലായി.
പിന്നീട് എന്തോ കാരണവശാൽ യുവാവിനെ ഒഴിവാക്കണമെന്ന് യുവതി തീരുമാനിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച് വിഷം നൽകിയെന്നാണ് സൂചന. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിഷത്തിന്റെ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതെവിടെ നിന്നാണ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
സമാനരീതിയിൽ കാമുകൻ ഷാരോണിനെ വകവരുത്തിയ പാറശാല സ്വദേശിനി ഗ്രീഷ്മയ്ക്ക് നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നു. ജ്യൂസിൽ ചേർത്തായിരുന്നു ഗ്രീഷ്മ കാമുകന് വിഷം നൽകിയത്. 2022 ഒക്‌ടോബർ 25നായിരുന്നു ഷാരോണിന്റെ മരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |