പാലക്കാട്: തെരുവിൽ അലഞ്ഞുതിരഞ്ഞ് നടന്ന യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ ആശുപത്രിയിലെത്തിച്ച മീനാക്ഷിപുരം പട്ടഞ്ചേരി സ്വദേശി എസ് സുബ്ബയ്യൻ (40) തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയത്. അതിക്രൂരമായിട്ടാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. ലൈംഗികാതിക്രമത്തിനിടെ നിലവിളിച്ചപ്പോൾ പ്രതി യുവതിയുടെ വായിൽ തോർത്തുതിരുകി. യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലുമൊക്കെ മർദനമേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിച്ചതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പീഡിപ്പിച്ചതിന് ശേഷം ഇയാൾ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സുബ്ബയ്യൻ അബോധാവസ്ഥയിലായ യുവതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നത്.
ബോധമില്ലാതെ വഴിയരികിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. പരിശോധനയിൽ യുവതി മരിച്ചതായും, ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകളും ഡോക്ടർമാർ കണ്ടെത്തി.
തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളയാനും ശ്രമിച്ചു. സെക്യൂരിറ്റി ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇത് തന്റെ ഭാര്യയാണെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. പരസ്പര വിരുദ്ധമായി സംസാരിക്കാൻ തുടങ്ങിയതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് പറയുന്ന പ്രദേശത്ത് പൊലീസ് വിശദമായി പരിശോധന നടത്തി. പാലക്കാട് ഒലവക്കോടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട യുവതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |