കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്‌ആർടിസി കണ്ടക്‌ടറെ സ്വകാര്യ ബസ് കണ്ടക്‌ടർ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നരിക്കാട്ടേരി കൂമുള്ളകണ്ടി സനൂപിനാണ് (42) മർദ്ദനമേറ്റത്. സംഭവത്തിൽ കെസിആർ എന്ന സ്വകാര്യ ബസിലെ കണ്ടക്‌ടർ തിനൂർമീത്തലെ ചാത്തങ്കോട്ട് അമൽദേവിനെതിരെയാണ് (26) കുറ്റ്യാടി പൊലീസ് കേസ് എടുത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
തൊട്ടിൽപ്പാലം ഡിപ്പോ ഓഫീസിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാനായാണ് സനൂപ് കക്കട്ടിലിൽ നിന്ന് സ്വകാര്യ ബസിൽ കയറിയത്. കാൻസർ ബാധിതനാണ് സനൂപ്. യാത്രക്കിടെ ക്ഷീണം അനുഭവപ്പെട്ട സനൂപ് കുറ്റ്യാടി ബസ് സ്റ്റാന്റിൽ ഇറങ്ങാൻ തീരുമാനിച്ചു. തുടർന്ന് കുറ്റ്യാടി വരെയുള്ള ടിക്കറ്റ് ചാർജ് എടുത്തിട്ട് ബാക്കി പണം തിരിച്ചുനൽകാമോയെന്ന് അമൽദേവിനോട് ചോദിച്ചതാണ് മർദ്ദനത്തിന് കാരണമായത്. തന്നെ അമൽദേവ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് സനൂപിന്റെ പരാതിയിൽ പറയുന്നത്. മുഖത്തും ശരീരഭാഗങ്ങളിലും അടിയേറ്റ സനൂപിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |