ചേർപ്പ് : ലെന്റട്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി 4.44 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ തൈക്കാട്ടുകര മണ്ണച്ചേരി താഴംവീട്ടിൽ പ്രിവൽ കൃഷ്ണയാണ് (22) അറസ്റ്റിലായത്. ആലപ്പാട് പുറത്തൂർ ഇഴുവപ്പടി വീട്ടിൽ അരുണാണ് (38) തട്ടിപ്പിനിരയായത്. വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കഴിഞ്ഞ ജൂൺ 25 മുതൽ ജൂലായ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ വാട്‌സ് ആപ്പ് വഴി ബന്ധപ്പെട്ട് അരുണിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴിയും മറ്റും പല തവണയായി 4,44,604 രൂപ അയച്ചു വാങ്ങിയായിരുന്നു തട്ടിപ്പ്.
അരുൺ അയച്ച പണത്തിൽ നിന്ന് 70,000 രൂപ പ്രവിൽകൃഷ്ണയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചെക്ക് വഴി പിൻവലിച്ചതായി കണ്ടതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചേർപ്പ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.എസ്.ഷാജൻ, എസ്.ഐ കെ.എസ്.സുബിന്ദ്, എ.എസ്.ഐ ജോയ് തോമസ്, സീനിയർ സി.പി.ഒ സിന്റി, സി.പി.ഒമാരായ റിൻസൻ, അൻവർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |