കിഴക്കമ്പലം: സംസ്ഥാനത്തേയ്ക്ക് രാസലഹരി എത്തിക്കുന്നതിന്റെ ഉറവിടംതേടി തടിയിട്ടപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഖ്യകണ്ണിയായ ഒരാൾ കുടുങ്ങി. തൃക്കാക്കര പൈപ്പുലൈൻറോഡിൽ വടക്കപ്പറമ്പിൽ ഹസനുൽ ബന്നയാണ് (24) പിടിയിലായത്. ഇയാൾ ബംഗളുരുവിൽ ഒളിവിൽ താമസിച്ച ഫ്‌ളാറ്റിന് സമീപത്തുനിന്നാണ് പിടികൂടിയത്.
മൂന്നുമാസം മുമ്പ് വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലമിനെ 46 ഗ്രാം എം.ഡി.എം.എയുമായി തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് രാസലഹരി ലഭിക്കുന്നതിന്റെ ഉറവിടംതേടിയുള്ള അന്വേഷണത്തിനിടയിലാണ് ഹസനുൽബന്ന പിടിയിലാകുന്നത്. ആഫ്രിക്കൻ സ്വദേശിയിൽനിന്ന് മൊത്തമായി വാങ്ങുന്ന രാസലഹരി ബംഗളുരുവിൽ എത്തിച്ചശേഷം കേരളത്തിലെ ആവശ്യക്കാർക്ക് നൽകുകയാണ് രീതി. ഏറ്റവും കുറഞ്ഞ അളവിൽവരെ ലഹരിവസ്തുക്കൾ തൂക്കി നൽകുന്നതിന് ഉപയോഗിക്കുന്ന വിവിധ തരം മെഷീനുകൾ താമസസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക്ക് മീണയുടെ മേൽനോട്ടത്തിൽ തടിയിട്ടപറമ്പ് പൊലീസ് ഇൻസ്‌പെക്ടർ പി.ജെ. കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫീസർമാരായ റോബിൻ റോയ്, കെ. വിനോദ്, കെ.എസ്. അനൂപ്, സി.ബി. ബെനസിർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഫ്ളാറ്റിനടുത്ത് കേരള രജിസ്‌ട്രേഷനുള്ള വാഹനംകണ്ട പ്രതി ഫ്ളാറ്റിൽ നിന്നിറങ്ങി യൂബർ ടാക്‌സിയിൽ രക്ഷപ്പെടാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞതോടെ തൊട്ടടുത്തുള്ള പാടശേഖരത്തിലേക്ക് ഇറങ്ങിയോടി. പിന്തുടർന്ന് എത്തിയ പൊലീസ്‌സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് തടിയിട്ട് പറമ്പ് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |