
കൊച്ചി: കുംഭമേള വൈറൽ താരമായ പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന നിലപാടിൽ മദ്ധ്യപ്രദേശ് പൊലീസ് ഉറച്ചുനിൽക്കെ പൊലീസിന് പിടികൊടുക്കാതെ പെൺകുട്ടിയും ഭർത്താവ് ഫർമാനും. പെൺകുട്ടിയെ ഹാജരാക്കണമെന്ന് ഇരുവർക്കും സഹായം ചെയ്യുന്നവരോട് മദ്ധ്യപ്രദേശ് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഹാജരാവേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്ധ്യപ്രദേശ്, കേരള ഹൈക്കോടതികളെ സമീപിക്കാനും രഹസ്യമൊഴി നൽകാനുമായി പെൺകുട്ടിയുടെ നീക്കം എന്നാണ് റിപ്പോർട്ട്. എന്നാൽ മൊഴിയെടുത്തേ പറ്റൂ എന്ന നിലപാടിലാണ് മദ്ധ്യപ്രദേശ് പൊലീസ്. ഇതിനായി ഇവർ കൊച്ചിയിൽ തുടരുകയാണ്. ഫർമാന്റെ അറസ്റ്റ് ഈ മാസം 20വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
അതിനിടെ പെൺകുട്ടി കൊച്ചിയിൽ നിന്ന് രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്നാണ് അറിയുന്നത്. ടവർ ലൊക്കേഷൻപ്രകാരം കൊച്ചിയിൽ തന്നെയാണ് പെൺകുട്ടി ഉള്ളത്. എന്നാൽ എവിടെയാണെന്ന് അറിയില്ലെന്നാണ് കേരള പൊലീസ് പറയുന്നത്. മദ്ധ്യപ്രദേശ് പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്താൽ കേരള പൊലീസിന്റെ നിലപാട് എന്തായിരിക്കും എന്നകാര്യത്തിൽ വ്യക്തതയില്ല. പെൺകുട്ടി കേരള പാെലീസിന്റെ സംരക്ഷണം തേടിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. തനിക്ക് 18വയസ് പൂർത്തിയായെന്നും മദ്ധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്നാണ് മദ്ധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |