
തിരുവനന്തപുരം: പതിനാറുകാരനെ ഐസിസിൽ ചേരാൻ നിർബന്ധിച്ചുവെന്ന കേസിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ മാതാവ് പൊലീസ് നിരീക്ഷണത്തിൽ. യുകെയിൽ നഴ്സായ യുവതി രണ്ടാഴ്‌ച മുൻപാണ് കേരളത്തിലെത്തിയത്. ഇവരുടെ വിവരങ്ങൾ തേടി എൻഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
നെടുമങ്ങാട് സ്വദേശിയായ ഇവർ ഇംഗ്ളണ്ടിൽ വച്ച് പരിചയപ്പെട്ട വെമ്പായം സ്വദേശിയാണ് മകനെ ഐസിസിൽ ചേരാൻ നിർബന്ധിച്ചതെന്നാണ് വിവരം. യുവതി മതം മാറിയ ശേഷം പന്തളം സ്വദേശിയെയാണ് വിവാഹം ചെയ്തത്. നഴ്സായി ജോലി ലഭിച്ച അവർ ഭർത്താവിനൊപ്പം ഇംഗ്ലണ്ടിൽ താമസമാക്കി. അവിടെവച്ച് പരിചയപ്പെട്ട വെമ്പായം സ്വദേശിയും യുവതിയും തമ്മിലുള്ള അടുപ്പവും അയാളുടെ തീവ്രവാദ ആഭിമുഖ്യവും യുവതിയുടെയും ഭർത്താവിന്റെയും ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടാക്കി. ഭർത്താവ് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഐസിസ് അനുകൂല ആശയങ്ങൾ യുവതിയിലേക്ക് എത്തിക്കാൻ വെമ്പായം സ്വദേശി ശ്രമിച്ചിരുന്നു. യുവതി പ്രസവത്തിനായി നാട്ടിലേക്ക് എത്തിയപ്പോൾ കുട്ടിയും യുവതിയുടെ സുഹൃത്തും മാത്രമാണ് ഇംഗ്ലണ്ടിലുണ്ടായിരുന്നത്. ആ സമയത്താണ് കുട്ടിയെ ഐസിസിൽ ചേരാൻ നിർബന്ധിച്ചതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. തീവ്രവാദ ഗ്രൂപ്പിലെത്തിക്കാൻ അമ്മ കൂട്ടുനിന്നുവെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.
ഇംഗ്ലണ്ടിൽ പത്താം ക്ലാസ് പഠനം കഴിഞ്ഞ ശേഷം നാട്ടിലേക്ക് എത്തിയ കുട്ടിയെ സ്വീകരിച്ചത് യുവതിയുടെ ഇംഗ്ലണ്ടിലെ സുഹൃത്തിന്റെ സഹോദരനായിരുന്നു. ഇയാളെ നേരത്തെ കനകമല ഐസിസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെന്നും വിവരമുണ്ട്. ഇയാളാണ് കുട്ടിയെ ആറ്റിങ്ങലിന് സമീപത്തെ അനാഥാലയത്തിൽ എത്തിച്ചത്. അനാഥാലയത്തിൽ താമസിക്കവേ കുട്ടിയിൽ സ്വഭാവ മാറ്റം കണ്ടതിനെ തുടർന്ന് അനാഥാലയം അധികൃതർ കുട്ടിയുടെ അച്ഛനെ അറിയിച്ചു. അച്ഛൻ വെഞ്ഞാറമൂട്ടിലെത്തി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്തു. അതിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് യു.എ.പി.എ. ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ കുട്ടി പിതാവിന്റെ ബന്ധുക്കളുടെ സംരക്ഷണയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |