
കൊച്ചി: ചിങ്ങവനം സ്വദേശി സുധാബേബിയുടെ കൊലപാതകം ആസൂത്രിതമല്ലെന്ന് പൊലീസ്. വാക്കുതർക്കത്തിനിടെയുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി. അതിക്രൂരമായ മർദനമേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പ്രതിയായ ഹൈക്കോടതിയിലെ ജീവനക്കാരൻ ഷാജിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
ഷാജിയും സുധയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വാക്കുതർക്കത്തിനിടെ പ്രതി സുധയുടെ മുഖത്തും കണ്ണിലും പലതവണ മുഷ്‌ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കല്ലിൽ തലയിടിച്ച് രക്തം വരാൻ തുടങ്ങി. സുധ കരയാൻ തുടങ്ങിയതോടെ പ്രതി അവരുടെ വാ പൊത്തിപ്പിടിച്ചു. തുടർന്ന് സുധ അബോധാവസ്ഥയിലാകുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടിലറിയിച്ച് കുടുംബജീവിതം തകർക്കുമെന്ന സുധയുടെ ഭീഷണി പ്രകോപനത്തിന് കാരണമായെന്നാണ് പ്രതിയുടെ മൊഴി.
ഇടയ്‌ക്കിടെ ആത്മഹത്യാ ഭീഷണിമുഴക്കാറുണ്ടായിരുന്ന സുധയുടെ മരണം ആത്മഹത്യയാക്കി തീർക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. അതിന്റെ ഭാഗമായാണ് സുധയുടെ ശരീരം റെയിൽവേ ട്രാക്കിൽ തള്ളിയത്. എന്നാൽ അത് ട്രെയിൻ കടന്നു പോകുന്ന ട്രാക്കായിരുന്നില്ല. ഇതിനിടെ പലതവണ സുധയുടെ സഹോദരി ഷാജിയുടെ ഫോണിൽ വിളിച്ചിരുന്നു. സുധ ആത്മഹത്യ ചെയ്യാൻ പോകുന്നെന്ന് പറഞ്ഞ് എങ്ങോട്ടോ പോയെന്നാണ് ഷാജി മറുപടി നൽകിയത്.
മൃതദേഹം കണ്ടെത്തിയതിനുപിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. യുവതിയും ഷാജിയും ഒന്നിച്ച് നടന്നുപോകുന്നതും പിന്നീട് ഷാജി ഒറ്റയ്‌ക്ക് നടന്നുവരുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇയാളുടെ ശരീരത്തിലുണ്ടായ രക്തക്കറയും സംശയം വർദ്ധിപ്പിച്ചു. മൃതദേഹത്തിനരികിൽ കിടന്ന മൊബൈൽ ഫോൺ പരിശോധിച്ചാണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്‌ച വെളുപ്പിന് ഇതുവഴി കടന്നുപോയ അമൃത എക്‌സ്പ്രസിലെ ലോക്കോപൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. അദ്ദേഹം ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മരട് പൊലീസ് നടത്തിയ പരിശോധനയിൽ മരണം ട്രെയിൻ തട്ടിയല്ലെന്ന് വ്യക്തമായി. മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |