കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്ര വാഹനമടക്കം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. പല ചോദ്യങ്ങൾക്കും അനന്തു ഉത്തരം നൽകുന്നില്ല. ഇയാളുടെ ജീവനക്കാരെയും ചോദ്യം ചെയ്യും.
ഇയാൾ 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഈ പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ മുഖ്യദൗത്യം. തട്ടിപ്പിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കും. വിവിധ സ്റ്റേഷനുകളിലായി 45 പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്.
രാഷ്ട്രീയ, ഭരണ, സാമൂഹ്യ രംഗത്തുള്ള ഉന്നതരെ കരുവാക്കിയായിരുന്നു അനന്തുകൃഷ്ണൻ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കന്മാരെ മറയാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പല സന്ദർഭങ്ങളിൽ നേതാക്കന്മാരെ കണ്ടതിന്റെ ചിത്രങ്ങൾ അനന്തു കൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൂട്ടുപ്രതികളിൽ ഉന്നതരുമുണ്ടെന്നാണ് വിവരം.
അനന്തുകൃഷ്ണൻ 19 ബാങ്ക് അക്കൗണ്ടുകളിലൂടെ 450 കോടിയിലേറെ ഇടപാടുകൾ നടത്തിയെന്നാണ് സൂചന. ഇതേക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം നടത്തും. വിദേശത്തേക്ക് പണം കടത്തിയോ, കള്ളപ്പണമിടപാട് നടത്തിയോ എന്നിവയടക്കം ഇ ഡി അന്വേഷിക്കും. അനന്തുകൃഷ്ണൻ കുടുംബാംഗങ്ങളുടെയും സ്വന്തം പേരിലുമായി കർണാടകത്തിലടക്കം കോടികളുടെ ഭൂമി വാങ്ങിക്കൂട്ടിയതായും കണ്ടെത്തി. ഇവ കണ്ടുകെട്ടാനാണ് പൊലീസ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |