തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരായി നടൻ ജയസൂര്യ. രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാവാനായിരുന്നു നിർദേശം. എന്നാൽ മാദ്ധ്യമശ്രദ്ധ ഒഴിവാക്കാനായി 8.15ന് ജയസൂര്യ സ്റ്റേഷനിൽ എത്തി.
ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
2008ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ജയസൂര്യ മോശമായി പെരുമാറിയെന്നാണ് ആലുവയിൽ താമസിക്കുന്ന നടിയുടെ പരാതിയിൽ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു നടന്നത്. അന്ന് ഷൂട്ടിംഗിനിടെ സാരി ശരിയാക്കുന്ന സമയത്ത് നടൻ ജയസൂര്യ പുറകിൽ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചെന്നും പരാതിയിലുണ്ട്.
പിന്നാലെ മറ്റൊരു നടി കൂടി താരത്തിനെതിരെ പരാതി നൽകിയിരുന്നു. തുർന്ന് നടനെതിരെ രണ്ടാമതൊരു പീഡനക്കേസ് കൂടി കരമന പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ബാത്ത്‌റൂമിൽ പോയി വരുന്ന സമയത്ത് പിറകിലൂടെ കെട്ടിപ്പിടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |