
പാരീസ്: ലുവ്ര് മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വിലയേറിയ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 19നാണ് ലുവ്ര് മ്യൂസിയത്തിന്റെ രണ്ടാംനിലയിലെ ബാൽക്കണി വഴി അപ്പോളോ ഗാലറിയിൽ കടന്ന് 102 മില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന എട്ട് രത്നാഭരണങ്ങൾ കവർന്നത്.
19-ാം നൂറ്റാണ്ടിൽ ഫ്രാൻസ് ഭരിച്ച നെപ്പോളിയൻ ബോണപാർട്ടിന്റെ (നെപ്പോളിയൻ) രണ്ടാം ഭാര്യ മേരി ലൂയി ചക്രവർത്തിനി, നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജിനി രാജ്ഞി, ലൂയീ ഫിലിപ്പ് ഒന്നാമന്റെ ഭാര്യ മരിയ അമേലിയ,നെപ്പോളിയന്റെ സഹോദര ഭാര്യ ഹോർട്ടെൻസ് രാജ്ഞി എന്നിവരുടെ ആഭരണങ്ങളുമായാണ് മോഷ്ടാക്കൾ കടന്നത്. മരതക നെക്‌ലസ് - കമ്മൽ സെറ്റ്, ഇന്ദ്രനീല ടിയാര - നെക്‌ലസ് - കമ്മൽ സെറ്റ്, ഹെഡ് ബാൻഡ്, ബ്രൂച്ച്, അലങ്കാര ബോ എന്നിവയാണ് നഷ്ടപ്പെട്ടത്. ഹൈഡ്രോളിക് ഗോവണി ഉപയോഗിച്ച് മ്യൂസിയത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ വിലമതിക്കാനാകാത്ത തരം ആഭരണങ്ങൾ മോഷ്ടിച്ചെന്ന് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ലോറന്റ് നുനസ് പറഞ്ഞിരുന്നു.
മ്യൂസിയത്തിലെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തുകൂടിയാണ് മോഷ്ടാക്കൾ അപ്പോളോ ഗാലറിയിലേക്ക് നുഴഞ്ഞു കയറിയത്. ആ സമയം അവിടെ ഫ്രഞ്ച് ക്രൗൺ ആഭരണങ്ങളുടെ പ്രദർശനം നടക്കുകയായിരുന്നു. ഡിസ്‌ക് കട്ടറുകൾ ഉപയോഗിച്ച് ജനൽച്ചില്ലുകൾ തകർത്താണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്. ഏകദേശം ഏഴു മിനിറ്റുകൾക്കിടയിലാണ് മോഷണം നടന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന മ്യൂസിയമാണ് ലുവ്ര്. ഒരു ദിവസം മുപ്പതിനായിരത്തോളം സന്ദർശകർ ഇവിടേക്കെത്തുന്നു. ശിൽപങ്ങൾ,പെയിന്റിംഗുകൾ തുടങ്ങി 33000 പുരാതന വസ്തുക്കൾ ഇവിടെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |