
തൃശൂർ: അഗതിമന്ദിരത്തിനുള്ളിൽ കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പാസ്റ്റർ ഉൾപ്പെടെ മൂന്നുപേരെയാണ് തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഗതിമന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരാണ് പിടിയിലായത്.
വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തിലാണ് കൊലക്കേസ് പ്രതിയായ ആലപ്പുഴ അരൂർ മഞ്ചത്തറ വീട്ടിൽ സുദർശന് (44) ക്രൂര മർദനമേറ്റത്. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദർശനെ പിടികൂടിയത്. തുടർന്ന് കൊച്ചി സെൻട്രൽ പൊലീസ് ഇയാളെ അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു.
അഗതിമന്ദിരത്തിൽ സുദർശൻ അക്രമം കാട്ടി. തുടർന്ന് മൂവരും ചേർന്ന് സുദർശനെ മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 21ന് കൊടുങ്ങല്ലൂർ നഗര മദ്ധ്യത്തിൽ പടിഞ്ഞാറെ നട വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സുദർശനെ കണ്ടെത്തിയത്. തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലും ഒരു കണ്ണ് ചൂഴ്ന്ന് കാഴ്ച്ച നഷ്ടപ്പെട്ട നിലയിലുമാണ് ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. വയറിന്റെ രണ്ട് ഭാഗത്ത് കുത്തേറ്റ് ഗുരുതര പരിക്കുമുണ്ട്. ദേഹമാസകലം കത്തികൊണ്ടും മറ്റും വരഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ശ്വാസകോശത്തിനും കുടലിനും സാരമായ പരിക്കുണ്ട്. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദർശൻ.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ആക്രമണത്തിൽ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |