
ന്യൂഡൽഹി: സിവിൽസർവീസ് ഉദ്യോഗാർത്ഥി രാംകേശ് മീനയുടെ കൊലപാതകത്തിൽ അറസ്‌റ്റിലായ ലിവ്- ഇൻ പങ്കാളി അമൃത ചൗഹാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ കാമുകൻ സുമിത്, സുഹൃത്ത് സന്ദീപ് കുമാർ എന്നിവരുടെ സഹായത്തോടെയാണ് അമൃതാ ചൗഹാൻ കൊലപാതകം നടത്തിയത്.
ഫോറൻസിക് വിദ്യാർത്ഥിയായ 22 കാരി അമൃതയെ ഒരു വർഷം മുൻപ് അവരുടെ കുടുംബം തള്ളിക്കളഞ്ഞിരുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2024 ജൂലായ് എട്ടിന് മകളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി കുടുംബം പത്രപരസ്യം നൽകിയിരുന്നു. ഇതിന്റെ പകർപ്പും അമൃതയ്ക്കെതിരെയുള്ള തെളിവായി പൊലീസ് കോടതിയിൽ സമർപ്പിച്ചു. രാംകേശ് മീനയുടെ കൊലപാതകത്തിൽ പ്രതികൾക്കെതിരെയുള്ള വാദങ്ങൾ ശക്തിപ്പെടുത്തുന്നതാണ് ഈ തെളിവുകൾ.
കഴിഞ്ഞ ആഴ്ചയാണ് ഡൽഹിയിൽ ഗാന്ധി വിഹാറിലെ നാലാം നിലയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തിൽ കത്തിക്കരിഞ്ഞ രാംകേശ് മീനയുടെ മൃതദേഹം കണ്ടെത്തിയത്. അപകടമുണ്ടായ കെട്ടിടത്തിലേക്ക് രണ്ട് പുരുഷന്മാർ മുഖം മൂടിയണിഞ്ഞ് പ്രവേശിച്ചതായും തീപിടിത്തത്തിന് മുൻപ് ഇവർ തിരികെ പോയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. ഇവർക്കൊപ്പം ഒരു സ്ത്രീയും പുറത്തേക്കിറങ്ങിയിരുന്നു. ഇത് അമൃതാ ചൗഹാനാണെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു.
ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർത്ഥിനിയായ അമൃത മേയ് മുതൽ രാംകേശിനൊപ്പം താമസിക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു. തന്റെ സ്വകാര്യ വീഡിയോകൾ അയാൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇല്ലാതാക്കാൻ തയ്യാറാകാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമൃത മൊഴി നൽകി. തുടർന്ന് തന്റെ മുൻ കാമുകനായ സുമിതിനോടൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തു. സഹായത്തിന് തങ്ങളുടെ സുഹൃത്തായ സന്ദീപ് കുമാറിനെയും ഇവർ ഒപ്പം കൂട്ടി.
കൊലപാതകം മറച്ചുവെക്കാൻ മനഃപൂർവ്വം സ്‌ഫോടനം നടത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി. "പ്രതികൾ മീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, തീ ആശിക്കത്തുന്നതിനായി നെയ്യ്, എണ്ണ, മദ്യം എന്നിവ ദേഹത്ത് ഒഴിച്ചു, തുടർന്ന് ഗ്യാസ് സിലിണ്ടർ വാൽവ് തുറന്ന് തീ കൊളുത്തി. അബദ്ധം സംഭവിച്ചതായി വരുത്തിത്തീർക്കാൻ ജനാലയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ അവർ ഫ്ലാറ്റ് അകത്തു നിന്ന് പൂട്ടി' ഡിസിപി രാജ ബന്തിയ പറഞ്ഞു. അമൃതയുടെ ഫോറൻസിക് പരിശീലനം അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം എയർ കണ്ടീഷണർ സ്ഫോടനമാണെന്ന് സംശയിച്ചിരുന്നെങ്കിലും, തീപ്പൊള്ളലേറ്റ രീതിയും സിസിടിവി തെളിവുകളും സംശയം ജനിപ്പിച്ചു. അമൃതയുടെ മൊബൈൽ ലൊക്കേഷനും കോൾ രേഖകളും പരിശോധിച്ചപ്പോൾ അപകടസ്ഥലത്തിന് സമീപം ഉണ്ടായിരുന്നതായി കണ്ടെത്തി.
ഒക്ടോബർ 18 ന് അമൃതയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, കുറ്റകൃത്യം സമ്മതിക്കുകയും താനും കൂട്ടാളികളും മീനയെ കൊലപ്പെടുത്തി ഫ്ലാറ്റ് കത്തിച്ചതെങ്ങനെയെന്ന് വിവരിക്കുകയും ചെയ്തു. പിന്നീട് ഒക്ടോബർ 21 ന് സുമിതിനെയും ഒക്ടോബർ 23 ന് സന്ദീപിനെയും പോലീസ് അറസ്റ്റ് ചെയ്തു, അവരുടെ പക്കൽ നിന്നും ഒരു ഹാർഡ് ഡിസ്ക്, ട്രോളി ബാഗ്, രണ്ട് മൊബൈൽ ഫോണുകൾ, മീനയുടെ ഷർട്ട് എന്നിവ കണ്ടെടുത്തു.
ക്രൈം വെബ് സീരീസിനോടുള്ള അമൃതയുടെ ആകർഷണവും അവളുടെ അക്കാദമിക് പശ്ചാത്തലവുമാണ് കൊലപാതകം നടത്താൻ അവൾക്ക് ആത്മവിശ്വാസം നൽകിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |