
ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ ലഹരിക്കെതിരെ പൊലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ ഡ്യൂട്ടിയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവറിൽ നിന്ന് 10 ഗ്രാം കഞ്ചാവ് പിടികൂടി. ആലുവ - പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന വി.ടി ബസിലെ ഡ്രൈവർ എടത്തല തോലക്കര വീട്ടിൽ മുഹമ്മദ് ഷാഫി ഷംസുദ്ദീൻ (35) ആണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് മൂന്നര മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശോധന നടന്നത്. സ്റ്റാൻഡിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഉദ്യോഗസ്ഥർ ബസിൽ കയറി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഷാഫിയുടെ പോക്കറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
ആലുവയിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാർ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു പരിശോധന. നേരത്തെയും ആലുവ സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ ഡ്രൈവർമാരിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
പിടികൂടിയ കഞ്ചാവ് അളവിൽ കുറവാണെങ്കിലും ഇത് ഉപയോഗിച്ച് സർവീസ് നടത്തുന്നത് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്ക കോടതിയെ അറിയിക്കാനാണ് എക്സൈസ് ശ്രമം. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോമോൻ ജോർജ്, അസി. ഇൻസ്പെക്ടർമാരായ സനിൽകുമാർ, പി.കെ. ഗോപി, ആലുവ പൊലീസ് സബ് ഇൻസ്പെക്ടർ എൽദോ പോൾ, ആലുവ ജോയിന്റ് ആർ.ടി.ഒ അഫ്സൽ അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
70 ബസുകൾക്കെതിരെ നടപടി
ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പ് ഇന്നലെ രാവിലെ നടത്തിയ മിന്നൽ പരിശോധനയിൽ 70 ബസുകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. വാഹനങ്ങളിൽ എയർ ഫോണുകൾ ഘടിപ്പിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഫിറ്റ്‌നസില്ലാത്ത ബസുകൾക്കെതിരെയും നടപടിയെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |