
ന്യൂ ഓർലിയാൻസ്: പുതുവർഷ പുലരിയിൽ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയയാൾ നടത്തിയ വെടിവയ്‌പ്പിൽ 10 മരണം. അമേരിക്കയിലെ ന്യൂ ഓർലിയാൻസ് നഗരത്തിലാണ് സംഭവം. പ്രാദേശിക സമയം ബുധനാഴ്‌ച പുലർച്ചെ 3.15ഓടെയാണ് ആക്രമണം ഉണ്ടായത്. ന്യൂ ഓർലിയാൻസിലെ ബോർബോൺ സ്‌ട്രീറ്റിനും ഐബെർവില്ലിയ്‌ക്കുമിടയിലെ നൈറ്റ്‌ലൈഫിന് പേരുകേട്ടയിടത്താണ് സംഭവം ഉണ്ടായത്.
ആളുകൾക്കിടയിലേക്ക് ട്രക്ക് അതിവേഗം ഓടിച്ചുകയറ്റി അപകടമുണ്ടാക്കി. ശേഷം ഡ്രൈവർ തോക്കുമായി പുറത്തിറങ്ങി തുടർച്ചയായി വെടിവയ്‌ക്കുകയായിരുന്നെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് വെടിവച്ചയാളുമായി ഏറ്റുമുട്ടിയെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ട്രക്ക് ഇടിച്ച ഒരു കാർ ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറിയും ചിലർക്ക് പരിക്കേറ്റതായി ന്യൂ ഓർലിയാൻസ് പൊലീസ് അറിയിച്ചിട്ടുണ്ട്. എത്രപേർക്ക് സംഭവത്തിൽ കൃത്യമായി പരിക്കേറ്റു എന്ന് ഇനിയും വ്യക്തമല്ല. പ്രദേശത്ത് പൊലീസ് വാഹനങ്ങളും ആംബുലൻസും മറ്റും നിരന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആയിരക്കണക്കിന് പേർ പുതുവർഷം ആഘോഷിക്കാൻ ബോർബോൺ സ്‌ട്രീറ്റിൽ കൂടിനിൽക്കുമ്പോഴാണ് അക്രമി ട്രക്കുമായി കുതിച്ചെത്തിയത്.
ന്യൂ ഓർലിയാൻസ് മേയർ ലാടോയ കാൻട്രൽ ഇതൊരു തീവ്രവാദി ആക്രമണം ആണെന്ന് ആരോപിച്ചു. സ്ഥലത്തെ സ്ഥിതിഗതികളും അദ്ദേഹം വിശദീകരിച്ചു. എന്നാൽ സംഭവം തീവ്രവാദി ആക്രമണമൊന്നുമല്ലെന്നാണ് പൊലീസടക്കം സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കേസ് എഫ്‌ബിഐ ഏറ്റെടുക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |