
സൂറത്ത്: കോളേജ് വിദ്യാർത്ഥിനികളെ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലുള്ള സ്വാമിനാരായൺ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിക്കുള്ളിലാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാംശമുള്ള മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ കോളേജിലേക്ക് പോയ പെൺകുട്ടികൾ ഉച്ചയായിട്ടും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ ക്ഷേത്ര സമുച്ചയത്തിലാണെന്ന് കണ്ടെത്തിയത്. ശനിയാഴ്ച നടത്തിയ തിരച്ചിലിൽ ഇവരുടെ സ്‌കൂട്ടറുകൾ ക്ഷേത്ര വളപ്പിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടികൾ ശുചിമുറിയുടെ ഭാഗത്തേക്ക് നടന്നുപോകുന്നത് വ്യക്തമായിരുന്നു. പൊലീസ് എത്തിയപ്പോൾ ശുചിമുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നും ഒരു സിറിഞ്ചും വിഷാംശമുള്ള മരുന്നിന്റെ മൂന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത സിറിഞ്ച്, മരുന്ന് കുപ്പികൾ, പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഡിൻഡോളി പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് ഫലവും വന്നതിനുശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |