മലയാള സിനിമയിലെ യുവ നടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പൂജ മോഹൻരാജ്. സോഷ്യൽ മീഡിയയിൽ നിറയെ വിമർശനങ്ങളും പൂജയെ തേടിയെത്തിയിട്ടുണ്ട്. കൂടുതലും വസ്ത്രധാരണത്തെ തുടർന്നായിരുന്നു. ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്കുളള മറുപടിയുമായി എത്തിയിരിക്കുകയാണ് പൂജ. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിലയാളുകൾ മനഃപൂർവം ടാർഗറ്റ് ചെയ്ത് വീഡിയോ എടുക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് പൂജ പറഞ്ഞു.
'മിക്ക സിനിമകളുടെയും പ്രൊമോഷൻ പരിപാടികൾക്ക് പോകുമ്പോൾ എന്നോട് അധികമാരും ചോദ്യങ്ങൾ ചോദിക്കാറില്ല. അതുകൊണ്ട് ഞാൻ മറ്റുളളവർ പറയുന്നത് കേട്ടിരിക്കുകയാണ് പതിവ്. അതിനിടയിൽ നമ്മൾ എന്തെങ്കിലും എക്സ്പ്രഷൻ ഇട്ടാൽ അതുമാത്രം എഡിറ്റ് ചെയ്ത് റീച്ച് കൂട്ടാനായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരുണ്ട്. പുറത്തിറങ്ങിയാൽ എനിക്ക് ചുറ്റും ക്യാമറകളുമായി ഒരുപാട് ആളുകൾ എത്താറുണ്ട്. അവരോട് എങ്ങനെ പ്രതികരിക്കണമെന്ന് ഇപ്പോഴും അറിയില്ല.
നമ്മുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റായ കാര്യമോ അല്ലെങ്കിൽ വസ്ത്രമൊന്ന് മാറി പോയാലോ എന്നത് കിട്ടാൻ അവർ കാത്തിരിക്കുന്ന പോലെ തോന്നാറുണ്ട്. അതിനോട് പേടിയാണ്. എന്നെ കാണിച്ചാൽ ഭയങ്കര റീച്ചാണെന്ന് പറയുന്നവരുണ്ട്. എന്തെങ്കിലും കാര്യത്തിന് ദേഷ്യപ്പെട്ടാൽ അതുമാത്രം കാണിക്കുന്നവരുണ്ട്. റൈഫിൽ ക്ലബ് സിനിമ കാണാൻ അമ്മയൊടൊപ്പം രാത്രി തീയേറ്ററിൽ പോയിരുന്നു. അന്ന് ന്യൂഡിൽ സ്ട്രാപ്പ് ധരിച്ചാണ് പോയത്. പിന്നീട് അത് മാത്രം ഹൈലൈറ്റ് ചെയ്താണ് ചിലർ വീഡിയോ പോസ്റ്റ് ചെയ്തത്. അത് അമ്മയ്ക്ക് വളരെയധികം സങ്കടമായി. ബോഡി ഷെയ്മിംഗ് കമന്റുകൾ ഒരുപാട് കേട്ടിട്ടുണ്ട്. മെലിഞ്ഞവർ ആ വസ്ത്രമിട്ടാൽ മോശം കമന്റുകൾ പറയുന്നവർ കുറവാണ്. അതിന് ആശ്വാസമുണ്ട്. എന്നെ പോലുളളവർ അതൊക്കെ അനുഭവിച്ചാൽ മതി'- പൂജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |