തന്റെ കുടുംബം ബീഫ് കഴിക്കാറില്ലെന്ന് വെളിപ്പെടുത്തി സൽമാന്റെ പിതാവും തിരക്കഥാകൃത്തുമായ സലീം ഖാൻ. അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പൊതുകാര്യങ്ങളിൽ സ്വന്തം കാഴ്ചപ്പാടുകൾ സമൂഹത്തിനുമുന്നിൽ തുറന്നുപറയുന്നവരാണ് സലീം ഖാന്റെ കുടുംബം. മുസ്ലീങ്ങളാണെങ്കിലും തന്റെ കുടുംബത്തിലുളളവർ ഇതുവരെയായിട്ടും ബീഫ് കഴിച്ചിട്ടില്ലെന്നായിരുന്നു സലീം ഖാൻ പറഞ്ഞത്. ഗോമാംസം നിഷിദ്ധമാണെന്നും പശുവിന്റെ പാൽ അമ്മയുടെ പാലിന് പകരമാണെന്നുമാണ് പ്രവാചകൻ മുഹമ്മദ് നബി പറയുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
'ഇൻഡോറിലെത്തിയിട്ട് ഇതുവരെ ഞങ്ങൾ ബീഫ് കഴിച്ചിട്ടില്ല. വിലക്കുറവുളളതുകൊണ്ട് പലരും ബീഫ് വാങ്ങാറുണ്ട്. ചിലർ വളർത്തുമൃഗങ്ങൾക്ക് നൽകാനും ബീഫ് വാങ്ങുന്നുണ്ട്. പശുവിൻ പാൽ അമ്മയുടെ പാലിന് തുല്യമാണ്. അതിനാൽ ഗോമാംസം നിഷിദ്ധമാണെന്നും അവയെ കൊല്ലരുതെന്ന് പ്രവാചകൻ നബി പ്രസ്താവിച്ചിട്ടുണ്ട്. മുഹമ്മദി നബി എല്ലാ മതങ്ങളിൽ നിന്നും നല്ല കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ മതങ്ങളും നല്ലതാണെന്നും പരമോന്നത ശക്തിയിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വാദിച്ചിട്ടുണ്ട്.
കുട്ടിക്കാലത്തുതന്നെ ഞാൻ എല്ലാ സംസ്‌കാരങ്ങളും മനസിലാക്കിയിട്ടുണ്ട്. എന്റെ വിവാഹത്തിന് കുടുംബത്തിന് എതിർപ്പുണ്ടായിരുന്നില്ല. വിവാഹത്തിന് ഭാര്യയുടെ വീട്ടുകാർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ഭാര്യാപിതാവ് ദോഗ്ര സമുദായത്തിൽ നിന്നുളള വ്യക്തിയായിരുന്നു. അദ്ദേഹം ഒരു ദന്തഡോക്ടറായിരുന്നു. മകളെ വിവാഹം കഴിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം എന്റെ പശ്ചാത്തലം അന്വേഷിച്ചിരുന്നു.
എന്റേത് നല്ല കുടുംബമാണെന്നും എനിക്ക് വിദ്യാഭ്യാസമുണ്ടെന്ന് മനസിലായതോടെ അദ്ദേഹം അംഗീകരിച്ചു. പക്ഷെ എന്റെ മതം മാത്രമാണ് പ്രശ്നമെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. എന്നാൽ മതം കാരണം എനിക്കും ഭാര്യയ്ക്കുമിടയിൽ യാതൊരു പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. ഞങ്ങൾ വിവാഹിതരായിട്ട് അറുപത് വർഷമായി. ഹിന്ദു മുസ്ലീം ആചാരങ്ങൾ അനുസരിച്ചായിരുന്നു വിവാഹം'- സലീം ഖാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |