കണ്ടാലും കണ്ടാലും മതിവരാത്ത പ്രേക്ഷകരുടെ ഇഷ്ടചിത്രമാണ് 'മീശ മാധവൻ'. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ദിലീപിനെയും കാവ്യ മാധവനെയും ഹിറ്റ് ജോഡികളാക്കി. 2002ൽ റിലീസ് ചെയ്ത ചിത്രം അന്ന് ബോക്‌സോഫീസിൽ വൻ ഹിറ്റായിരുന്നു. ഒരു ഗ്രാമത്തിലെ ചെറിയ കള്ളന്റെ ജീവിതവും പ്രണയവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നും മീശമാധവനിലെ ഓരോ സീനും മലയാളികളുടെ മനസിലുണ്ട്. ഇപ്പോഴിതാ മീശമാധവൻ ചിത്രത്തിനെക്കുറിച്ച് ലാൽ ജോസ് നേരത്തെ നൽകിയ അഭിമുഖം വീണ്ടും ചർച്ചയാകുകയാണ്. ചിത്രത്തിലെ ചില സീനുകൾ കട്ട് ചെയ്യാൻ ദിലീപ് പറഞ്ഞിരുന്നുവെന്നാണ് ലാൽ പറയുന്നത്.
ലാൽ ജോസിന്റെ വാക്കുകൾ
മീശ മാധവൻ റിലീസ് ചെയ്തു ആദ്യ ദിവസത്തെ നൂൺ ഷോ കാണാൻ എനിക്ക് ധെെര്യമില്ലായിരുന്നു. അപ്പോൾ ഞാൻ ടെൻഷൻ അടിച്ചിട്ട് ദിലീപിനെ വിളിച്ചു. 'കേരളത്തിലെ എല്ലാ തിയേറ്ററിലും ഫെെറ്റ് സീക്വെൻസിന്റെ ഇടയിലെ സലിം കുമാറിന്റെ ഒരു പോർഷൻ, സെെക്കിൾ ഫെെറ്റിന്റെ ചില ഭാഗങ്ങൾ ഭയങ്കര ലാഗ് ആണെന്നാണ് പറയുന്നത്. കൂവലുണ്ടെന്ന് പറയപ്പെടുന്നു. അതിനാൽ എത്രയും പെട്ടെന്ന് തിയേറ്ററിൽ നിന്ന് ആ ഭാഗങ്ങൾ വെട്ടിമാറ്റണം'- എന്നാണ് ദിലീപ് പറഞ്ഞത്. അത് എനിക്ക് ഭയങ്കര സങ്കടമായി. സാധാരണക്കാരായ പ്രേക്ഷരോട് ഞാൻ ചോദിച്ചമ്പോൾ നല്ല റിപ്പോർട്ടാണ് കിട്ടിയത്. ഇത് കേട്ടതോടെ വിഷമമായി. ആ രംഗങ്ങൾ കട്ട് ചെയ്‌തേക്കാമെന്ന് കരുതി. അങ്ങനെ സെക്കൻ ഷോ കഴിഞ്ഞതും ഞാൻ തിരുവനന്തപുരത്തെ ശ്രീകുമാർ തിയേറ്ററിലെത്തി.
അക്കാലങ്ങളിൽ ഫിലിം ആയിരുന്നതിനാൽ ഓരോ തിയേറ്ററിലും കയറിവേണം കട്ട് ചെയ്യാൻ. പക്ഷേ ശ്രീകുമാർ തിയേറ്ററിലെ ഓപ്പറേറ്റർ എന്നോട് ചോദിച്ചു 'സാർ എന്തിനാണ് ഈ രംഗങ്ങൾ കട്ട് ചെയ്യുന്നതെന്ന്'. ഞാൻ പറഞ്ഞു ലാഗ് ഉള്ളതായി പറയുന്നുവെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു' കട്ട് ചെയ്താലും ഈ സിനിമ ഓടും. പത്തുമിനിട്ട് കുറഞ്ഞ് കിട്ടിയാൽ എനിക്ക് അത്രയും നല്ലതാണ്. നേരത്തെ വീട്ടിൽ പോകാം. പക്ഷേ ഈ സിനിമയിൽ കളയാനായി ഒന്നുമില്ല. ആളുകൾ സന്തോഷത്തോടെയാണ് സിനിമ കണ്ട് പോകുന്നത്'. ഇത് കേട്ടപ്പോൾ എനിക്ക് പുതിയ ഒരു ഊർജം വന്നു. ഇനി ആര് പറഞ്ഞാലും ഇത് കട്ട് ചെയ്യില്ല. ഇതാണ് ആ സിനിമയുടെ വിധിയെന്ന് മനസിൽ ചിന്തിച്ചുകൊണ്ട് അവിടെ നിന്ന് ഇറങ്ങി. തിയേറ്ററിൽ ആ സിനിമ 202 ദിവസങ്ങൾ ഓടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |