മലയാള സിനിമാതാരസംഘടനയായ അമ്മയിൽ മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്ന് നടൻ ദേവൻ. താൻ നോമിനേഷൻ പിൻവലിക്കുന്നുവെന്ന തരത്തിലുളള വാർത്തകൾ എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ പഴയ രീതിയിലാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ദേവൻ പറഞ്ഞു. അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'മോഹൻലാലിന് വൈകാരികമായി ബന്ധമുളള സംഘടനയാണ് അമ്മ. അതുകൊണ്ടാണ് സംഘടനയെ ഒഴിവാക്കി മോഹൻലാൽ പോകില്ലെന്ന് എല്ലാവരും പ്രതീക്ഷിച്ചത്. മോഹൻലാൽ നോമിനേഷൻ കൊടുക്കുമോയെന്ന് ഞാൻ അവസാനം വരെ നോക്കി. അപ്പോഴാണ് എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് മനസിലായത്. നമ്മൾ തുടങ്ങിയ സംഘടന അന്യം നിന്ന് പോകാൻ പാടില്ലെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാൻ മത്സരിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമ്മയിലുളള അംഗങ്ങൾ പരസ്പരം തർക്കിക്കുന്നുണ്ട്. പക്ഷെ ഇത് ബാധിക്കുന്നത് അമ്മ എന്ന സംഘടനെയാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണ് അമ്മ. സംഘടനയുടെ സഹായങ്ങൾ കൈപ്പറ്റാൻ നിൽക്കുന്ന ഒരുപാട് ആളുകളുണ്ട്. അമ്മ അന്യം നിന്ന് പോകാതിരിക്കാനാണ് ഞാൻ മത്സരിക്കുന്നത്. ഞാൻ മത്സരത്തിൽ നിന്ന് പിൻമാറിയേക്കുമെന്ന തരത്തിലുളള വാർത്തകൾ വന്നിരുന്നു. ഈ വാർത്ത പോയത് എങ്ങനെയാണെന്ന് അറിയില്ല. ഞാൻ മത്സരിക്കുമെന്ന് ഉറപ്പിച്ചതാണ്. കഷ്ടപ്പെടുന്നവരുടെ ജീവിതത്തിന് വില കൊടുക്കണം. അതിനാണ് ഞാൻ മത്സരിക്കുന്നത്.
ഒരു തെറ്റും ഇതുവരെയുണ്ടാകാത്ത ഒരേയൊരു നടൻ ഞാനാണെന്നാണ് സഹപ്രവർത്തകരുടെ അഭിപ്രായം. മമ്മൂട്ടിയെ മമ്മൂട്ടിയെന്ന് വിളിക്കുന്ന ഒരു നടൻ ഞാനാണെന്നാണ് പല സംവിധായകരും പറഞ്ഞിട്ടുണ്ട്. ഒരു മീറ്റിംഗിൽ മമ്മൂട്ടിയുടെ തെറ്റായ അഭിപ്രായം തിരുത്തണമെന്ന് ഞാൻ ശക്തമായി പറഞ്ഞിട്ടുണ്ട്. ദിലീപിനെ പോലൊരു ശക്തനായ നടനെവരെ അമ്മ പുറത്താക്കി. മമ്മൂട്ടിയുടെ വീട്ടിൽ വച്ചാണ് ഞങ്ങൾ തീരുമാനമെടുത്തത്.
ജഗദീഷ് പിൻമാറി ആ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ വന്നാൽ അത് അവർക്കല്ലേ നാണക്കേടാകുന്നത്. അത് സ്ത്രീകൾക്കല്ലേ നാണക്കേടാണ്. സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാൻ. ഞാൻ മാദ്ധ്യമങ്ങളോട് സംസാരിച്ചാൽ എന്റെ നോമിനേഷൻ എടുത്തുകളയുമെന്ന് ചിലർ പറഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഞാൻ കോടതിയിൽ പോകും'- ദേവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |