ധർമ്മസ്ഥല( കർണ്ണാടക): ധർമ്മസ്ഥലയിലെ നേത്രാവതി സ്നാനഘട്ടത്തിന് സമീപം രണ്ടാംഘട്ട തെരച്ചിൽ തുടരുന്നു. നേരത്തെ കൃത്യമായി അടയാളപ്പെടുത്തിയ 13 പോയിന്റുകളിൽ മൂന്നാമത്തെ പോയിന്റ് കേന്ദ്രീകരിച്ചാണ് ഇന്നലെ തെരച്ചിൽ നടന്നത്. ഇവിടെ നിന്നും ഇതുവരെ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഒന്നും രണ്ടും പോയിന്റുകളിൽ ചൊവ്വാഴ്ച തെരച്ചിൽ നടത്തിയിരുന്നു.
ശുചീകരണ തൊഴിലാളിയായ സാക്ഷിയുടെ മൊഴി പ്രകാരം മൂന്ന് മുതൽ എട്ട് വരെയുള്ള പോയിന്റുകൾ നിർണ്ണായകമാണെന്ന് പറയുന്നു.ധർമ്മസ്ഥലക്ക് തൊട്ടടുത്തായി ഗുജ്‌റെ- ബൽത്തങ്ങാടി-മൈസൂർ റോഡരികിലാണ് കാടു മൂടിയ ഈ പോയിന്റുകൾ .സൂപ്പർ വൈസർമാർ മൃതദേഹങ്ങൾ മറവു ചെയ്യാനായി തന്നെ എത്തിച്ച പ്രദേശമാണിതെന്നാണ് സാക്ഷി വെളിപ്പെടുത്തിയിരുന്നത്. വനം വകപ്പിന്റെ അധീനതയിലുള്ള ഉയരം കൂടിയ ഈ പ്രദേശത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കിട്ടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് എസ്.ഐ ടി സംഘവും വിലയിരുത്തുന്നു.
മരങ്ങൾ ഇടഹതൂർന്ന് നിൽക്കുന്ന കാടിനുള്ളിലേക്ക് ജെ.സി.ബിയും ഹിറ്റാച്ചിയും കൊണ്ടുപോകാൻ പ്രയാസമായതിനാൽ പതിമൂന്നോളം തൊഴിലാളികൾ പിക്കാസും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ആദ്യദിനം തെരച്ചിൽ നടത്തിയത്.സംശയകരമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് കൂടുതൽ ആഴത്തിൽ കുഴിയെടുക്കണമെന്ന് ശുചീകരണ തൊഴിലാളി ഇന്നലെ നിർബന്ധം പിടിച്ചു.ഇതേ തുടർന്ന് തുടർന്ന് ഒരു മിനി ഹിറ്റാച്ചി എത്തിച്ചു. എട്ടടി താഴ്ചയിലും 15 അടി വീതിയിലും രണ്ടു മണിക്കൂറിലേറെ കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പ്രളയം ഒഴുക്കി
കളഞ്ഞിരിക്കുമോ
വൻ നദിയായ നേത്രാവതിയിൽ 2018ൽ ഉണ്ടായ വെള്ളപ്പൊക്കം മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടുപോയിരിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.. ഒന്നും രണ്ടും പോയിന്റുകൾ വരുന്ന പ്രദേശം മുഴുവൻ ഈ പ്രളയത്തിൽ ഒലിച്ചു പോയിരുന്നു. ശക്തമായ മണ്ണൊലിപ്പാണ് ഇവിടെ അനുഭവപ്പെട്ടത്. 15 വർഷം മുമ്പ് തീർത്ഥാടകർ ഏറ്റവും കൂടുതൽ എത്തിച്ചേർന്നിരുന്ന
ഈ സ്ഥലങ്ങളിൽ റോഡടക്കം വലിയ തോതിലുള്ള നിർമ്മാണങ്ങളും നടന്നിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് ഇത് തടസമാകുമോയെന്ന ആശങ്കയുണ്ട്.
സാക്ഷി അടയാളപ്പെടുത്തി നൽകിയ പോയിന്റുകളിൽ നടന്ന പരിശോധന എസ്.ഐ.ടി ഉദ്യോഗസ്ഥർ അവലോകനം ചെയ്ത ശേഷമാവും തുടർ നടപടി. തെളിവുകൾ നശിപ്പിക്കുന്നത് തടയുന്നതിന് എസ്.ഐ ടി സായുധ സംഘം തോക്കുകളുമായി കാവലുണ്ട്.
എസ്.ഐ ടി മേധാവി ധർമ്മസ്ഥലയിൽ
എസ്.ഐ.ടി മേധാവി ഡോ. പ്രണവ് മൊഹന്തി സംഭവ സ്ഥലം സന്ദർശിച്ചു, 'ഇതുവരെ, ഒന്നും കണ്ടെത്തിയില്ല, ഭാവിയിൽ എന്തെങ്കിലും കണ്ടെത്തുമെന്ന് പ്രവചിക്കാൻ ഞാൻ ഒരു ജ്യോതിഷിയല്ല. ഓപ്പറേഷൻ തുടരും, എന്നാൽ ഈ ഘട്ടത്തിൽ കൂടുതൽ അഭിപ്രായങ്ങളൊന്നും പറയില്ല..' എസ്.ഐ.ടി മേധാവി പറഞ്ഞു. 13 പോയിന്റുകൾക്ക് പുറമെ എട്ട് പോയിന്റുകൾ കൂടി സാക്ഷി കാണിച്ചുകൊടുത്തു. തിരച്ചിൽ നീണ്ടുപോകാനാണ് സാധ്യത. ആറാമത്തെ പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് അടുത്ത ഘട്ട തെരച്ചിൽ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |