കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ബാബുരാജ് പിന്മാറുന്നുവെന്ന് സൂചന. മുതിർന്ന താരങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നാണ് പിന്മാറാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലുള്ള ബാബുരാജ് മത്സരിക്കുന്നതിനെതിരെ വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തെത്തിയിരുന്നു. ആരോപണം നേരിട്ടവർ ഒന്നാകെ മത്സരരംഗത്തുനിന്ന് മാറിനിൽക്കുമ്പോൾ ബാബുരാജ് മാത്രം മത്സരിക്കാൻ തയ്യാറായതാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്. നടി മല്ലിക സുകുമാരൻ രൂക്ഷ വിമർശനമാണ് ബാബുരാജിനെതിരെ നടത്തിയത്.
പരസ്യവിമർശനങ്ങൾ കടുക്കുമ്പോഴും താൻ മത്സരത്തിൽ നിന്ന് പിന്മാറില്ല എന്ന ഉറച്ച നിലപാടിലായിരുന്നു ബാബുരാജ്. ഒടുവിൽ മോഹൻലാലും മമ്മൂട്ടിയും വിഷയത്തിൽ ഇടപെട്ടെന്നും അതിനെത്തുടർന്നാണ് ബാബുരാജ് നിലപാട് മാറ്റിയതെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതുവരെ പത്രിക പിൻവലിച്ചിട്ടില്ല. ഇന്നു വൈകിട്ടുവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. ജനറൽ, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക നൽകിയിരുന്നത്. ഇതിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കാം എന്ന് തീരുമാനമായെന്നാണ് റിപ്പോർട്ട്. ബാബുരാജിന് പുറമേ, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്.
നേരത്തേ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയിരുന്നു. സംഘടനയ്ക്ക് ഒരു വനിതാ പ്രസിഡന്റ് വരട്ടെയെന്ന നിലപാടാണ് ജഗദീഷിനുള്ളത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. മുതിർന്ന താരങ്ങളുമായി സംസാരിച്ചശേഷമാണ് ജഗദീഷിന്റെ പിന്മാറ്റം എന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |