ആരോഗ്യസ്ഥിതി മോശമായതോടെയാണ് അഭിനയം നിർത്തിയതെന്ന് തുറന്നുപറഞ്ഞ് നടൻ മധു. ഒരുസമയത്ത് ഒരുപോലെയുളള വേഷങ്ങൾ ചെയ്തത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇപ്പോഴത്തെ ജീവിതരീതികളെക്കുറിച്ചും നടൻ തുറന്നുപറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ ലൂസിഫറിൽ അഭിനയിക്കാൻ പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നു. ഫാസിൽ അഭിനയിച്ച വേഷം ചെയ്യാനായിരുന്നു അവസരം. ആ സമയത്ത് എന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. അതോടെയാണ് സിനിമകൾ ചെയ്യണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. കുറേനാളുകളായി ചെയ്തതെല്ലാം ഒരുപോലുളള വേഷങ്ങളായിരുന്നു. അതെനിക്ക് ബുദ്ധിമുട്ടായി. എന്റെ രൂപത്തിനും വേഷത്തിനും അനുസരിച്ചുളള കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കും. അല്ലാതെ ഇനി ആരുടെയും അച്ഛനായി അഭിനയിക്കാൻ താൽപര്യമില്ല.
ഒരു സമയത്ത് ഞാൻ കൂടുതലും നിരാശാ കാമുകൻമാരുടെ വേഷമാണ് ചെയ്തിട്ടുളളത്. ഒരു നടനെന്ന നിലയിൽ എനിക്ക് ആ രീതിയിൽ മടുപ്പ് തോന്നി. അങ്ങനെ ഞാൻ സംവിധാനം ചെയ്ത ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രം ചെയ്തു. അതോടെ സിനിമാമേഖലയിൽ എന്റെ ഇമേജ് മാറി. നോവലുകൾ ആസ്പദമാക്കി സിനിമകൾ ചെയ്തവർ അതിലെ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ എന്നെ വിളിച്ചുതുടങ്ങി. രാത്രി 11 മണിക്കുശേഷമാണ് ഞാൻ പത്രം വായിക്കുകയോ ഏതെങ്കിലും സിനിമ കാണുകയോ ചെയ്യുന്നത്. പകൽ സമയത്ത് മിക്കപ്പോഴും ആരെങ്കിലും വീട്ടിൽ വരാറുണ്ട്. അപ്പോൾ എന്റേതെന്ന് കണ്ടെത്തുന്ന സമയം രാത്രി 11 മണിക്കുശേഷമാണ്. മൂന്ന് മണിക്കുശേഷമാണ് ഉറങ്ങുന്നത്. ലണ്ടനിൽ സൂര്യനുദിക്കുമ്പോഴാണ് ഞാൻ ഉണരുന്നത്. ആ സമയത്ത് നായകൻമാരെല്ലാം തിരക്കിലായിരുന്നു. ഞാൻ അടൂർ ഭാസി,ബഹദൂർ, ശങ്കരാടി അവരോടൊപ്പമാണ് സൗഹൃദം കൂടുതലും കാത്തുസൂക്ഷിച്ചിരുന്നത്'- മധു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |