മുൻ ഡി ജി പി അലക്‌സാണ്ടർ ജേക്കബിനെ ട്രോളി നടൻ ഹരീഷ് പേരടി. കഴിഞ്ഞ ജന്മത്തിൽ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നെന്നും രാജാവിനെ ധിക്കരിച്ചതിനെ തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെന്നും അലക്‌സാണ്ടർ ജേക്കബ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.
കഴിഞ്ഞ ജന്മത്തിൽ ഞാൻ ഹിറ്റ്‌ലറായിരുന്നുവെന്നും ഈ ജന്മത്തിൽ തന്നെ അനുകരിക്കുന്ന ഹിറ്റ്‌ലർമാരെ കണ്ട് പേടിച്ചുപോയെന്നും അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഹിറ്റ്‌ലറെപ്പോലെ വേഷം ധരിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇതുവരെ ആരോടും പറയാത്ത ഒരു രഹസ്യം പറയാം... കഴിഞ്ഞ ജന്മത്തിൽ ഞാൻ ഹിറ്റ്‌ലറായിരുന്നു... പക്ഷേ ഈ ജന്മത്തിൽ എന്നെ അനുകരിക്കുന്ന ഹിറ്റ്‌ലർമാരെ കണ്ട് ഞാൻ തന്നെ പേടിച്ചുപോയി... അതുകൊണ്ടാണ് ഈ രഹസ്യം ഇതുവരെ ആരോടും പറയാഞ്ഞത്. പിന്നെ ഇപ്പോൾ ഇത് പറയാൻ കാരണം കഴിഞ്ഞ ജന്മത്തിൽ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്ന മുൻ ഡി ജി പി അല്കസാണ്ടർ ജേക്കബ് സാറിന്റെ വെളിപ്പെടുത്തലിൻ്റെ ധൈര്യത്തിലാണ്. പക്ഷേ ഒരു സത്യം ഞാൻ പറയാം. ഇപ്പോഴത്തെ ഹിറ്റ്‌ലർമാരെ വെച്ച് നോക്കുമ്പോൾ ഞാനൊക്കെ ഒരു പാവമായിരുന്നു. എന്റെ ജർമ്മനിയാണെ സത്യം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |