ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 750ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെയായിരുന്നു ശ്രദ്ധേയനായത്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിൽ ജനിച്ച റാവു 1978ൽ പുറത്തിറങ്ങിയ 'പ്രാണം ഖരീദു' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ തെലുങ്ക്, മലയാളം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2015ൽ പത്മശ്രീ ലഭിച്ചു. 1999 മുതൽ 2004 വരെ വിജയവാഡ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി എംഎൽഎയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു.
2003 ൽ വിക്രമിനെ നായകനാക്കി പുറത്തിറങ്ങിയ സാമി എന്ന സിനിമയിൽ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച പെരുമാൾ പിച്ചൈ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയെ നായകനായി ജയരാജ് സംവിധാനം ചെയ്ത് 2011ൽ തീയേറ്ററുകളിലെത്തിയ ദി ട്രെയിന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്. യോഗേഷ് തിവാരി എന്നായിരുന്നു ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ഗായകൻ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും ശ്രീനിവാസ റാവു പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |