നടൻ ദിലീപ് തനിക്ക് ഫാമിലി പോലെയാണെന്ന് നടി അനുശ്രീ. "ചന്ദ്രേട്ടൻ എവിടെയാ" എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അദ്ദേഹവുമായുള്ളത് അന്ന് തുടങ്ങിയ സൗഹൃദമാണെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുശ്രീ.
'ദിലീപേട്ടൻ ഫാമിലിയാണ്. വിഷമമാണെങ്കിലും സന്തോഷമാണെങ്കിലും എന്തും പറയാൻ എനിക്ക് സ്‌പേസ് തന്നിട്ടുള്ളയാളാണ്. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയാണ് ഞങ്ങൾ ഒന്നിച്ചു ചെയ്‌തത്. അന്ന് എനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഷൂട്ടിന്റെ സമയത്തൊക്കെ കുറേ സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സമയത്തെ ആ ഒരു സ്‌നേഹമാണ് ഇത്രയും കൂട്ടാവാൻ കാരണം.
ഇത്രയും വർഷം കഴിഞ്ഞിട്ടും ആ സ്‌നേഹം അങ്ങനെ പോകുന്നു. ദിലീപേട്ടന്റെ മാനേജറും ഡ്രൈവറുമൊക്കെയായ അപ്പുണ്ണി ചേട്ടനുണ്ട്. മൂകാംബികയും കുടജാദ്രിയുമൊക്കെ പോകുമ്പോൾ അപ്പുണ്ണി ചേട്ടനുണ്ടായിരുന്നു. എനിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ദിലീപേട്ടനെ വിളിക്കും, അപ്പുണ്ണി ചേട്ടനെ രണ്ട് ദിവസത്തേക്ക് വേണമായിരുന്നെന്ന് പറയും.
ഇല്ലെങ്കിൽ അപ്പുണ്ണി ചേട്ടൻ ദിലീപേട്ടനോട് ചോദിക്കും, അനുശ്രീ ഒരിടത്ത് പോകുന്നുണ്ട്, ഞാനും പോട്ടേയെന്ന് ചോദിക്കും. അപ്പോൾ ദിലീപേട്ടൻ എന്നെ വിളിക്കും. അങ്ങനെ പ്രൊഫഷണലിയാണെങ്കിലും പേഴ്സണലിയാണെങ്കിലും എന്റെ ഏത് കാര്യത്തിനും ഏത് സമയത്തും എന്റെ ഫാമിലിയെപ്പോലെ എനിക്ക് കരുതാൻ പറ്റുന്നയാളാണ് ദിലീപേട്ടൻ.'- അനുശ്രീ പറഞ്ഞു.
ദിലീപിൽ നിന്ന് പഠിക്കാനാഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ചും നടി തുറന്നുപറഞ്ഞു. 'അത് ഒരാളോട് സഹകരിക്കുന്ന കാര്യം തന്നെയായിരിക്കാം. പ്രൊഫഷണൽ സൈഡ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്‌പേസിലേക്ക് അവരെ കൊണ്ടുപോകുന്നതും അവർക്ക് കൊടുക്കുന്ന കെയറിംഗുമായിരിക്കാം.
കുറേ ആൾക്കാർക്ക് മുഖംമൂടിയുണ്ടാകാറുണ്ട്. എന്നാൽ അതൊന്നുമില്ലാതെ, പേഴ്സണൽ സ്‌പേസിൽ കൊണ്ടുവന്ന് കെയർ ചെയ്യുന്നതൊക്കെ കണ്ടുപഠിക്കാം. ഒരുപാട് കഷ്ടപ്പാടുകൾ പുള്ളി അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ഉണ്ടായിട്ടും പുള്ളി ഇപ്പോഴും ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ പുള്ളിയുടെ ഭാഗത്തൊരു സത്യമുള്ളതുകൊണ്ടാകാം. അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാൻ.'- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |