നിവിൻ പോളി ചിത്രത്തിന് ടൈറ്റിൽ
ദുർഖർ സൽമാൻ ചിത്രം വിലാസിനി മെമ്മോറിയൽ
ചിങ്ങപ്പിറവി ദിനമായ ഇന്ന് സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെ ചിത്രങ്ങളുടെ വമ്പൻ പ്രഖ്യാപനം ഉണ്ടാവും. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും വൈകിട്ട് 7ന് പുറത്തുവിടും. ബോളിവുഡ് താരം രവീണ ടണ്ടൻ ഇൗ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനമാണ് നടക്കുക. ദൃശ്യം മൂന്നിന്റെ പ്രഖ്യാപനമായിരിക്കും നടക്കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏതാനും ദിവസങ്ങളായി ഇതേക്കുറിച്ചുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജീത്തു ജോസഫിന്റെ റാമിൽ അഭിനയിക്കുകയാണ് മോഹൻലാൽ. ഫഹദ് ഫാസിലിനെ നായകനാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്രിൽ പ്രഖ്യാപനവും നടക്കും. ഏറെ രസകരമായിരിക്കും ടൈറ്റിൽ. വില്ലാളിവീരനുശേഷം സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി ആണ്. നവംബറിൽ ചിത്രീകരണം ആരംഭിക്കും.
ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്യുന്ന വിലാസിനി മെമ്മോറിയൽ ഇന്ന് ചിത്രീകരണം ആരംഭിക്കും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിന് കുഞ്ഞിരാമായണത്തിന് രചന നിർവഹിച്ച ദീപു പ്രദീപ് തിരക്കഥ ഒരുക്കുന്നു. ചെമ്പൻ വിനോദ് ജോസ്, സൗബിൻ ഷാഹിർ എന്നിവരാണ് ഗ്രാമാന്തരീക്ഷത്തിൽ കോമഡി ട്രാക്കിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് താരങ്ങൾ.
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്രിൽ ഇന്ന് പുറത്തുവിടും. സാറ്റർഡേ നൈറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.ഷെയ്ൻ നിഗം , ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് ഹിദായത്ത് കഥ എഴുതി സംവിധാനം ചെയ്യുന്ന ആർഡി എക്സ് എന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടക്കും. മഹിമ നമ്പ്യാരും, ഐമ റോസ്മിയുമാണ് നായികമാർ.ഗോവിന്ദ് പത്മസൂര്യ, ശരത് അപ്പാനി എന്നിവരുടെ ചിത്രങ്ങളും ആരംഭിക്കുന്നുണ്ട്.
അതേസമയം അജിത്തിനെ നായകനാക്കി എച്ച് . വിനോദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽനിന്ന് ഹൈദരാബാദിലേക്ക് ഷിഫ്ട് ചെയ്തു. ഇൗ ചിത്രത്തിൽ മഞ്ജുവാര്യർ ഇന്ന് ജോയിൻ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |