മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ബ്ലസി. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു മമ്മൂട്ടി നായകനായെത്തിയ കാഴ്ച. ഇപ്പോഴിതാ കാഴ്ചയുടെ കഥയുമായി ആദ്യം സമീപിച്ചത് നടൻ ശ്രീനിവാസനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ലസി. പ്രണയം എന്ന മോഹൻലാൽ ചിത്രത്തിനെക്കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'മുൻകൂട്ടി നിശ്ചയിച്ച് ചെയ്ത സിനിമയായിരുന്നില്ല കാഴ്ച. ആ സിനിമയുടെ കഥയുമായി ആദ്യം ശ്രീനിവാസനെയാണ് സമീപിച്ചത്. അന്ന് അദ്ദേഹം വേറെ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. പിന്നീട് കഥയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയതിനുശേഷം മമ്മൂക്കയുടെ അടുത്ത് എത്തുകയായിരുന്നു. എനിക്ക് അദ്ദേഹത്തോട് കഥ പറയാൻ അൽപം പരിഭ്രമമുണ്ടായിരുന്നു. അതുകൊണ്ട് നിർമാതാവിനെ കൊണ്ടാണ് കഥ പറയിപ്പിച്ചത്. അതിനിടയിൽ എന്നോട് കഥ പറയാൻ മമ്മൂക്ക ആവശ്യപ്പെടുകയായിരുന്നു. ഒറ്റയിരിപ്പിന് കഥ മുഴുവൻ അദ്ദേഹം കേട്ടു. അദ്ദേഹം ഡേറ്റും തന്നു. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആദ്യ ഭാഗം ഞാൻ എഴുതി.
അതിനുശേഷമാണ് തൻമാത്ര ചെയ്യാമെന്ന് തീരുമാനിച്ചത്. അങ്ങനെ കഥ എഴുതിയതിനുശേഷം നിർമാതാക്കളെ വായിച്ച് കേൾപ്പിച്ചു. അത് സിനിമയാക്കാൻ സാധിക്കില്ലെന്നാണ് ആദ്യം നിർമാതാക്കൾ പറഞ്ഞത്. കാരണം മോഹൻലാലിനെ പോലുളള ഒരു വലിയ നടനെ വച്ച് ഈ സിനിമ ചെയ്യാൻ കഴിയില്ലെന്നാണ് പറഞ്ഞത്. അങ്ങനെ ഞാൻ സങ്കടത്തിലായി. മോഹൻലാലിനെ നേരിട്ട് പോയി കാണാമെന്ന് തീരുമാനിക്കുകയായിരുന്നു.നരന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. കഥയിൽ ഒരു മാറ്റവും വരുത്തണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രണയം എന്ന ചിത്രം മോഹൻലാൽ ചെയ്യേണ്ടതല്ലായിരുന്നു. അപ്രതീക്ഷിതമായാണ് ഞാൻ അദ്ദേഹത്തോട് കഥ പറയുന്നത്. അതിനുമുൻപ് ഞാൻ മമ്മൂക്കയോടാണ് പ്രണയത്തിന്റെ കഥ പറഞ്ഞത്. അതിൽ അഭിനയിക്കാൻ മമ്മൂക്ക സമ്മതിച്ചിരുന്നു. അങ്ങനെ അദ്ദേഹത്തിനുവേണ്ടിയാണ് ഞാൻ എഴുതിയത്. പക്ഷെ ചില ഭാഗങ്ങൾ മമ്മൂക്കയ്ക്ക് നന്നായി തോന്നിയില്ല. അതോടെയാണ് മോഹൻലാൽ പ്രണയത്തിൽ അഭിനയിച്ചത്'- ബ്ലസി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |