മോഹൻലാലിനെ വീട്ടിലെത്തി കണ്ട് നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും. മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഫഹദിനൊപ്പം സഹോദരൻ ഫർഹാൻ ഫാസിലും ഉണ്ടായിരുന്നു. പുറത്തുവന്ന ചിത്രങ്ങളിൽ സുചിത്രയെയും പ്രണവ് മോഹൻലാലിനെയും കാണാം.
താരത്തിന്റെ കൊച്ചിയിലെ വസതിയിലാണ് ഇവർ എത്തിയത്. ഇതാദ്യമായല്ല ഫഹദും നസ്രിയയും മോഹൻലാലിന്റെ വസതിയിൽ എത്തുന്നത്. സമീർ ഹംസ തന്നെ ഇതിനുമുൻപും ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. 'എ നെെറ്റ് ടു റിമെംബർ' എന്ന അടിക്കുറിപ്പോടെയാണ് ഫർഹാനും സമീർ ഹംസയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്.
രണ്ട് ദിവസം മുൻപ് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ഇതിൽ ഫഹദ് ഫാസിലിന്റെ ആരാധകനുമായി മോഹൻലാലിന്റെ കഥാപാത്രം സംസാരിക്കുന്നതാണ് തുടക്കം. മോഹൻലാലിനോട് ഒരു ഹിന്ദിക്കാരൻ താൻ മലയാള സിനിമ ആരാധകനാണെന്നും ഫാഫയെയാണ് ഏറ്റവും ഇഷ്ടമെന്നും പറയുന്നു. ആരാണ് 'ഫാഫ 'എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ ഫഹദ് ഫാസിൽ എന്നാണ് അയാൾ ഉത്തരം പറയുന്നത്.
മലയാളത്തിൽ വേറെയും സീനിയർ നടന്മാരുണ്ടെന്നും മോഹൻലാൽ ടീസറിൽ പറയുന്നുണ്ട്. ഈ ടീസർ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫഹദും മോഹൻലാലും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 'പ്രമോഷൻ തന്ന ലാലേട്ടനെ വിളിച്ച് ആഘോഷിക്കുന്ന ഫഹദ് ഫാസിൽ','ദേ സീനിയർ ആക്ടറും ഫാഫയും', 'അടിപൊളി', 'കൂട്ടത്തിൽ കാണാൻ ലുക്ക് ലാലേട്ടൻ തന്നെ'- ഇങ്ങനെ പോകുന്നു കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |