ഒരുകാലത്ത് മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സുന്ദർ ദാസ്. ദിലീപ് ചിത്രങ്ങളായ സല്ലാപം, കുടമാറ്റം, വർണക്കാഴ്ചകൾ, കുബേരൻ തുടങ്ങിയവ സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു. ഇപ്പോഴിതാ കുബേരൻ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ചില സംഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സുന്ദർ ദാസ്. സിനിമയിൽ കലാഭവൻ മണി അവതരിപ്പിച്ച വേഷത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിനിടയിലാണ് സുന്ദർ ദാസ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'കുബേരനിൽ ദിലീപിന്റെ സുഹൃത്തിന്റെ വേഷം അഭിനയിക്കാൻ ആദ്യം സലീം കുമാറിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് സലീം കുമാർ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി മൂന്നാറിലായിരുന്നു. അപ്പോൾ നടന് സെറ്റിലേക്ക് എത്തിച്ചേരാൻ പ്രയാസമായിരുന്നു. അങ്ങനെയാണ് സലീം കുമാറിന് പകരമായി കലാഭവൻ മണിയെ കാസ്റ്റ് ചെയ്തത്. ആ സമയത്ത് കലാഭവൻ മണി തമിഴിലും തെലുങ്കിലുമൊക്കെ വളരെ തിരക്കിലായിരുന്നു. അഭിനയിക്കാൻ കഴിയുമോയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ജീവനോടെയുണ്ടെങ്കിൽ സെറ്റിലെത്താമെന്ന് അദ്ദേഹം പറയുകയായിരുന്നു.
സിനിമയിൽ ദിലീപും കലാഭവൻ മണിയും കള്ളുകുടിച്ച് പ്രശ്നമുണ്ടാക്കുന്ന ഒരു സീനുണ്ട്. അത് ഹിറ്റാകാൻ കാരണം കലാഭവൻ മണിയാണ്. ഇപ്പോഴും കുബേരന്റെ കാസ്റ്റ് ഷീറ്റിൽ കലാഭവൻ മണിയുടെ പേരില്ല. കുബേരനിൽ ദിലീപിന്റെ നായികയായി ആദ്യം കാസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചത് മീരാ ജാസ്മിനെയായിരുന്നു. അവർ അന്ന് നല്ല തിരക്കിലായിരുന്നു.പക്ഷെ അതിനിടയിൽ ഞാൻ മദ്രാസിൽ ഒരു സുഹൃത്തിനെ കാണാൻ പോയിരുന്നു. അപ്പോഴാണ് നടി സുമിത്രയുടെ മകൾ ഉമാ ശങ്കരിയെക്കുറിച്ചറിഞ്ഞത്. അവരെ പോയി കണ്ടപ്പോൾ കഥാപാത്രത്തിന് ചേരുന്നതാണെന്ന് മനസിലായി.
മികച്ച നടിയാണ് അവർ. പക്ഷെ എന്തുകൊണ്ടാണ് മലയാളത്തിൽ പിന്നീട് അഭിനയിക്കാത്തതെന്ന് അറിയില്ല. അതിനുശേഷം മനസിനക്കരെ സിനമയുടെ ലൊക്കേഷനിൽ ഞാൻ പോയിരുന്നു. അപ്പോൾ സംവിധായകൻ സത്യൻ അന്തിക്കാട് എന്നോട് ഉമാ ശങ്കരിയെക്കുറിച്ച് ചോദിച്ചു. അവരുടെ നമ്പറും അദ്ദേഹം വാങ്ങിയിരുന്നു. മനസിനക്കരയിൽ അഭിനയിക്കാൻ മുമ്പുതന്നെ നയൻതാരയെ തിരഞ്ഞെടുത്തിരുന്നു.
അതുപോലെ കണ്ണിനും കണ്ണാടിക്കും എന്ന കലാഭവൻമണി ചിത്രം ദിലീപിന് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ കലാഭവൻ മണിയെ തന്നെ അതിനായി കാസ്റ്റ് ചെയ്യുകയായിരുന്നു. ആ സിനിമയിൽ തമിഴ് നടൻ പ്രഭു ചെയ്ത കഥാപാത്രം ചെയ്യാനായി ആദ്യം സുരേഷ്‌ഗോപിയോടാണ് ചോദിച്ചത്. ഫൈറ്റ് സീനുകൾ ഉണ്ടോയെന്നാണ് ആദ്യം അദ്ദേഹം ചോദിച്ചത്. ആ കഥാപാത്രത്തിന് ഫൈറ്റ് സീനുകൾ കുറവായിരുന്നു. പിന്നീട് പലതിരക്കുകൾ കാരണം സുരേഷ്‌ഗോപിക്ക് ആ വേഷം ചെയ്യാൻ സാധിച്ചില്ല'- സുന്ദർ ദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |