പലരും സിനിമകൾ കാണാതെയാണ് വിമർശിക്കുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. ദിലീപ് നായകനായ ചാന്തുപൊട്ട് എന്ന ചിത്രത്തെ അടുത്തിടെയാണ് ചിലയാളുകൾ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമ റിലീസ് ചെയ്തപ്പോൾ ഒരു കൂട്ടം ട്രാൻസ്‌ജെൻഡർമാർ തന്നെ അഭിനന്ദിച്ചിരുന്നുവെന്നും ലാൽ ജോസ് വ്യക്തമാക്കി. മമ്മൂട്ടി നായകനായെത്തിയ മറവത്തൂർ കനവ് എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിലാണ് ലാൽ ജോസ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ചാന്തുപൊട്ട് ഇപ്പോഴാണ് ചെയ്തിരുന്നതെങ്കിൽ ദിലീപിന്റെ വേഷത്തിൽ ഒരു മാറ്റവും വരുത്തില്ലായിരുന്നു. ദിലീപിന്റെ കഥാപാത്രം ട്രാൻസ്‌ജെൻഡർ ആണെന്ന പ്രേക്ഷകരുരെ ധാരണ തെറ്റാണ്. ആ കഥാപാത്രം ട്രാൻസ്‌ജെൻഡർ അല്ല. സിനിമയിൽ അയാൾക്ക് കാമുകിയുണ്ട്. കുഞ്ഞ് ജനിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ സ്വഭാവത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നുമാത്രമേയുളളൂ. സമീപകാലത്ത് ചിലർ പൊളിറ്റിക്കൽ കറക്ട്നസിന്റെ പേരുപറഞ്ഞ് അലക്കുന്നുണ്ടായിരുന്നു. അതിനൊന്നിനും മറുപടി പറഞ്ഞിട്ടില്ല.
ഒന്നെങ്കിൽ അവർ സിനിമ കണ്ടിട്ടില്ല. അല്ലെങ്കിൽ അവർക്ക് സിനിമ മനസിലായിട്ടില്ല. വിമർശിക്കുന്നതിനുളള ചോദ്യമോ ഉദിക്കുന്നില്ല. ദിലീപിന്റെ കഥാപാത്രം കണ്ട് പലർക്കും സങ്കടം വന്നെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആ സിനിമ റിലീസ് ചെയ്തപ്പോൾ കൊച്ചിയിലെ ട്രാൻസ്‌ജെൻഡേഴ്സ് അസോസിയേഷൻ എന്നെ വന്നുകണ്ട് പൊന്നാട അണിയിക്കുകയാണ് ചെയ്തത്. ഇനി ആളുകൾ ഞങ്ങളെ നല്ല പേര് വിളിച്ച് കളിയാക്കുമെന്നാണ് അവർ പറഞ്ഞത്. കൽക്കി എന്ന സംവിധായകൻ പറഞ്ഞ കാര്യമുണ്ട്. കേരളത്തിൽ വന്നാൽ എന്റെ കരണത്തടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അദ്ദേഹം ചാന്തുപൊട്ട് കണ്ടിട്ടില്ല
എന്റെ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ അഭിനയിച്ച നായകൻമാരാരും ആ സമയത്ത് വലിയ നടൻമാരായിരുന്നില്ല. ആ സമയത്ത് അവർ അഭിനയിച്ച പല സിനിമകളും പരാജയമായിരുന്നു. ചിത്രം റിലീസ് ചെയ്ത് ആദ്യദിവസം 40 ശതമാനം കളക്ഷൻ മാത്രമേ നേടിയിരുന്നുളളൂ. പിന്നീടാണ് ക്ലാസ്മേറ്റ്സ് ഹിറ്റായത്. സോഷ്യൽമീഡിയ ഇല്ലാത്ത കാലത്തും എന്റെ സിനിമ വൻഹിറ്റായിരുന്നു. 21-ാം വയസിലാണ് ഞാൻ സിനിമയിൽ വന്നത്. സിനിമയാണ് എന്റെ ജീവിതം.
എന്റെ മിക്ക സിനിമകളിലും പ്രിവ്യു ചെയ്യാറില്ല. അത് പേടിയാണ്. എന്റെ ആദ്യസിനിമയായ മറവത്തൂർ കനവിന് പ്രിവ്യു ഉണ്ടായിരുന്നു. അന്ന് എല്ലാം നടന്നത് ചെന്നൈയിലായിരുന്നു. ചെന്നൈയിലുളള സിനിമാക്കാർക്കും മലയാളികൾക്കും കാണാനുളള അവസരം നൽകിയിരുന്നു. പഴയ നടൻമാരും സംവിധാകരും നിർമാതാക്കളുമാണ് സിനിമ കാണാൻ വന്നിരുന്നത്. അന്ന് സിനിമയ്ക്ക് പോസിറ്റീവായിട്ടുളള പ്രതികരണങ്ങളാണ് ലഭിച്ചത്. നല്ല തിരക്കഥയാണെന്നാണ് എല്ലാവരും പറഞ്ഞത്. മമ്മൂക്ക നന്നായി കോമഡി ചെയ്തിട്ടുണ്ടെന്നാണ് അന്ന് എല്ലാവരും പറഞ്ഞത്. എന്നാൽ തീയേറ്ററിൽ റിലീസ് ചെയ്തതോടെ എല്ലാ അഭിപ്രായങ്ങളും മാറി. ഒരു സിനിമ ചെയ്തുകഴിഞ്ഞാൽ പിന്നീട് അത് ഞാൻ കാണില്ല. 25 വർഷങ്ങൾക്കുശേഷം ഞാൻ വീണ്ടും മറവത്തൂർ കനവ് കണ്ടു. എന്റെ രണ്ടാമത്തെ മകളോടൊപ്പം ആമസോൺ പ്രൈമിലാണ് കണ്ടത്'- ലാൽ ജോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |