കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രധാന വേഷത്തിലെത്തുന്ന ജാനകി VS സ്റ്റേറ്റ് ഒഫ് കേരള എന്ന ചിത്രത്തിനോട് സെൻസർ ബോർഡെടുത്ത നിലപാടിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. സിനിമയിലുടനീളം മോശം പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് സെൻസർ ബോർഡിന് കുഴപ്പമില്ലെന്നും പരിശുദ്ധതയുടെ പ്രതീകമായ ജാനകി എന്ന പേരുപയോഗിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'മലയാള സിനിമയിൽ നല്ലതും മോശവുമായ കഥാപാത്രങ്ങളിലായി നൂറുകണക്കിന് ജാനകിമാർ വന്നുപോയിട്ടുണ്ട്. സിനിമയിൽ മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചാൽ ആർക്കും ഒരു കുഴപ്പവുമില്ല. എന്നാൽ പരിശുദ്ധതയുടെ പര്യായമായ ജാനകി എന്ന് പേര് ഉപയോഗിക്കുന്ന കടുത്ത അപരാധമാണ്. ഒരിക്കൽ സെൻസർ ബോർഡിൽ ഞാനും അംഗമായിരുന്നു. ഞാൻ ഒരു സിനിമയുടെയും ഒരു സീനും കളയാൻ ആവശ്യപ്പെടാറില്ല. ദിലീപ് നായകനായെത്തിയ ആഗതൻ എന്ന സിനിമയുടെ സെൻസർ ബോർഡിൽ ഞാനും ഉണ്ടായിരുന്നു.
ഒരു പട്ടാളക്കാരൻ ഡ്യൂട്ടി സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കുന്നതും അതിന് പ്രതികാരം ചെയ്യാൻ നായകൻ വരുന്നതുമാണ് കഥ. ആ ചിത്രത്തിന്റെ സെൻസർ ബോർഡിൽ ഞാനില്ലായിരുന്നുവെങ്കിൽ സൈന്യത്തിലെ ഉദ്യോഗസ്ഥരെത്തി കണ്ടതിനുശേഷം മാത്രമേ അനുമതി നൽകുമായിരുന്നുളളൂ. ഒരുപക്ഷെ അത് പ്രദർശിപ്പിക്കാൻ പോലും അനുമതി ലഭിക്കില്ലായിരുന്നു. അന്ന് സെൻസർ ബോർഡിൽ ജോർജ് ഓണക്കൂറും ഉണ്ടായിരുന്നു. ഈ വിവരം ആഗതന്റെ സംവിധായകൻ കമലിനോ നിർമാതാവിനോ പോലും അറിയില്ല.
ഇപ്പോൾ സെൻസർ ബോർഡിൽ ഇരിക്കുന്ന എല്ലാവർക്കും സിനിമയെക്കുറിച്ച് എന്തെങ്കിലും അറിയുമോയെന്ന കാര്യത്തിൽ വരെ സംശയമുണ്ട്. തീവ്രമതവികാരങ്ങൾ ഉളളവരാണ് സെൻസർ ബോർഡിൽ ഉൾപ്പെടുന്നതെങ്കിൽ ഇത്തരത്തിലുളള പ്രശ്നങ്ങൾ ഇനിയും ഉണ്ടാകും. ഒരു കലാകാരൻ തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം നേടിയെടുക്കാൻ കോടതി കയറി ഇറങ്ങേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലും സെൻസർ ബോർഡ് ആവിഷ്‌കാര സ്വാതന്ത്ര്യം കൊടുത്ത ഒരു സിനിമയുണ്ട്. പ്രസവ വേദന കൊണ്ട് നിലവിളിക്കുന്ന സ്ത്രീയുടെ അണ്ണാക്കിലേക്ക് കത്തി കുത്തിയിറക്കി ഗർഭപാത്രത്തിൽ നിന്ന് കുട്ടിയെ എടുത്ത് കാലിൽ തൂക്കി കൊണ്ടുപോകുന്ന തരത്തിലുളള ഒരു സിനിമയ്ക്ക് അംഗീകാരം നൽകി. ഇതാണ് സെൻസർ ബോർഡിന്റെ ഇരട്ടത്താപ്പ്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |