ബോളിവുഡിലെ ഏറ്റവും മികച്ച നൃത്തസംവിധായകരിൽ ഒരാളാണ് ഫാറാ ഖാൻ. ദേസി ഗേൾ, ഇറ്റ്സ് ദി ടൈം ടു ഡിസ്കോ, ഏക് പാൽ കാ ജീന, ഗാഗ്ര, ഷീല കി ജവാനി തുടങ്ങിയ ഹിറ്റു പാട്ടുകൾക്ക് ഫാറാഖാനാണ് ജീവൻ പകർന്നത്. എന്നാൽ കത്രീനാ കൈഫിന്റെ ഷീല കി ജവാനിയാണ് തന്റെ കരിയറിലെ ഏറ്റവും ചീപ്പസ്റ്റ് കോറിയാേഗ്രാഫിയെന്നാണ് സംവിധായികയുടെ വെളിപ്പെടുത്തൽ.
അടുത്തിടെ തന്റെ വ്ളോഗിലൂടെ നടി മാനസി പരേഖിന്റെ വീട് സന്ദർശിക്കുമ്പോഴാണ് ഷീല കി ജവാനി എന്ന ഗാനം തന്റെ കരിയറിലെ ഏറ്റവും ലോ ബഡ്ജറ്രിൽ ഒരുക്കിയ സംവിധാന സംരഭമാണെന്ന് സംവിധായിക തുറന്നു പറയുന്നത്. എന്നിട്ടും ഷീല കി ജവാനി ഏറ്റവും വലിയ ഹിറ്റായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു.
5 കോടി ബജറ്റിലൊരുങ്ങുന്ന ഗുജറാത്തി സിനിമ നിർമ്മിക്കുന്നതിനെക്കുറിച്ച് നടി മാനസി പരേഖുമായി ചർച്ച ചെയ്യുമ്പോഴാണ് ഫാറാ ഖാന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ. ബിഗ് ബജറ്റ് പാട്ടുകൾ നിർമ്മിക്കുന്നവർ തന്നെ ആകർഷിക്കാത്തതിന്റെ പ്രധാന കാരണം വളരെ ചീപ്പസ്റ്റ് ആയി പാട്ടുകൾ കോറിയാേഗ്രാഫി ചെയ്യുന്നതുകൊണ്ടാണെന്നും അവർ പറയുന്നു.
'തീസ് മാർ ഖാനിൽ കത്രീന കൈഫ് അവതരിപ്പിച്ച ഷീല കി ജവാനിക്കു വേണ്ട മികച്ച സെറ്റ് ഒന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് 10 ഡാൻസേഴ്സ് മാത്രം. വെറും മൂന്ന് ഷെഡ്യൂളുകൾ വച്ചാണ് ഗാനത്തിന്റെ മുഴുവൻ ഭാഗവും ചിത്രീകരിച്ചത്. ഞാൻ എന്റെ കരിയറിൽ ചെയ്തതിൽ വച്ച് ഏറ്റവും ലോബജറ്രിൽ ഒരുക്കിയ മികച്ച മൂന്ന് ഹിറ്റുകളിൽ ഒന്നാണ് ഷീല കി ജവാനിയും'. ഫാറാ ഖാൻ പറഞ്ഞു.
2010-ൽ പുറത്തിറങ്ങിയ തീസ് മാർ ഖാൻ ബോക്സ് ഓഫീസിൽ അമ്പേ പരാജയമായിരുന്നെങ്കിലും ഷീല കി ജവാനിയെന്ന ഐറ്റം ഡാൻസിലൂടെ കത്രീന കൈഫിന്റെ കരിയറും മാറി മറിഞ്ഞു. അതേസമയം ഫാറാ ഖാനും ഷീല കി ജവാനിയിലൂടെ കരിയറിൽ മികച്ച മുന്നേറ്രമാണ് ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |