അടുത്തിടെയാണ് നടി മല്ലികാ സുകുമാരൻ 'അമ്മ' സംഘടനയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്. വളരെ രൂക്ഷമായ ഭാഷയിലാണ് അവർ പ്രതികരിച്ചത്. അതിജീവിതയായ നടിയെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്നും അവർ പറഞ്ഞു. ഇപ്പോഴിതാ സംഭവത്തിൽ മല്ലികാ സുകുമാരനെ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'പഴയതൊക്കെ പറഞ്ഞ് വെറുതേ വിവാദം ഉണ്ടാക്കരുതെന്നാണ് മല്ലികചേച്ചിയോട് എനിക്ക് പറയാനുള്ളത്. അതിജീവിതയെ അങ്ങോട്ട് ചെന്ന് വിളിച്ച് സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്നാണ് ചേച്ചി പറയുന്നത്. എന്തിനാണ്? ആ കുട്ടി ബംഗളൂരുവിൽ മനസമാധാനത്തോടെ കഴിയുകയാണ്. മഞ്ജു വാര്യർ അടക്കമുള്ളവരുടെ പിന്തുണ കണ്ടപ്പോൾ അവരുടെ കൂടെ വിശ്വസിച്ച് ആ കുട്ടി പുറത്ത് പോയതാണ്. പക്ഷേ മഞ്ജു വാര്യർ തിരിച്ചുവന്നു. ആ കുട്ടി പുറത്തും പോയി. ഇനി ആ കുട്ടി തിരിച്ച് അമ്മയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടാൽ ശ്വേത തിരിച്ചെടുക്കുമല്ലോ. കുക്കു അതിനെ എതിർക്കുകയുമില്ല. ചേച്ചിയാണ് അമ്മയുടെ തലപ്പത്തെങ്കിൽ അതിജീവിതയുടെ കാല് പിടിക്കുമോ?
അതിജീവിതയെ ആരും പുറത്താക്കിയതല്ല. പക്ഷേ, ദിലീപിനെ പുറത്താക്കിയതാണ്. അന്ന് മമ്മൂട്ടിയുടെ വീട്ടിൽ എക്‌സിക്യൂട്ടീവ് യോഗം ചേർന്നപ്പോൾ അവിടേക്ക് കയറിപ്പോകുന്നതിന് മുമ്പ് ചേച്ചിയുടെ മോൻ ക്യാമറയ്‌ക്ക് മുന്നിൽ വെല്ലുവിളിച്ചല്ലോ. ഞാൻ പറയുന്ന കാര്യങ്ങൾ നടന്നില്ലെങ്കിൽ കാണിച്ച് തരാമെന്ന്. അമ്മ പിളരാതിരിക്കാൻ വേണ്ടി താൻ രാജിവയ്‌ക്കാമെന്ന് പറഞ്ഞ് ദിലീപ് പുറത്തുപോയി.
അമ്മയ്‌ക്ക് ഫണ്ടുണ്ടാക്കാൻ വേണ്ടി മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ദിലീപിന്റെ തലയിൽ വച്ച് കൊടുത്തു. അങ്ങനെ ആ സിനിമ ഞാൻ ചെയ്യാം എന്നും ട്വന്റി ട്വന്റി എന്ന സിനിമ ഓടിയാലും ഇല്ലെങ്കിലും സംഘടനയ്‌ക്ക് അഞ്ച് കോടി രൂപ നൽകാമെന്നും ദിലീപ് ഉറപ്പ് പറഞ്ഞതാണ്. ഒരുപാട് ലാഭം കിട്ടിയപ്പോൾ ആറരക്കോടി രൂപയാണ് അയാൾ സംഘടനയ്‌ക്ക് കൊടുത്തത്. ചേച്ചിയുടെ മകനാണെങ്കിൽ അങ്ങനെ ചെയ്യുമോ? അതൊക്കെ മല്ലികചേച്ചി ഓർക്കുന്നത് നല്ലതാണ് ' - ശാന്തിവിള ദിനേശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |