കൊച്ചി: ശനിയാഴ്ച വൈകുന്നേരം വൈബ് തേടി പനമ്പിള്ളി നഗറിലെത്തിയവർ അന്തംവിട്ടു. പൊതുറോഡിലതാ നിൽക്കുന്നു ബോളിവുഡ് സൂപ്പർതാരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലിഖാനും! താരങ്ങളെ തിരിച്ചറിഞ്ഞതോടെ കാണികളുടെ എണ്ണംകൂടി. സംവിധായകൻ പ്രിയദർശനും കൂടെയുണ്ടായത് കൗതുകം കൂട്ടി.
പ്രിയദർശന്റെ തന്നെ മലയാളം ഹിറ്റ് ചിത്രമായ ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ഹൈവാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു ഇവർ. മോഹൻലാലിന്റെ അന്ധനായകൻ ജയരാമന്റെ വേഷം ഹിന്ദിയിൽ അക്ഷയ് കുമാറാണ് അവതരിപ്പിക്കുന്നത്. ചിത്രീകരണത്തിന് ഇന്നലെ കൊച്ചിയിൽ തുടക്കമിട്ടു.
17 വർഷത്തിന് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2008ൽ റിലീസ് ചെയ്ത തഷാനിലായിരുന്നു ഇവർ ഒടുവിൽ ഒന്നിച്ചത്. പ്രിയദർശന്റെ നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള ബോളിവുഡിലെ മുതിർന്ന ഹാസ്യതാരം അസ്രാണിയും ഹൈവാനിൽ പ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ഹയ്‌വാന്റെ നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |