തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ വിവരം താരങ്ങൾ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുകുടുംബാംഗങ്ങളും മാത്രമടങ്ങുന്ന ചടങ്ങിലാണ് നിശ്ചയം നടന്നത്. ഈ വർഷം അവസാനം വിവാഹം നടത്താനാണ് തീരുമാനമെന്നാണ് വിവരം. ഇന്ന് വിശാലിന്റെ പിറന്നാൾ ദിനം കൂടിയാണ്. 'എന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. ഇന്ന് ഒരു സന്തോഷ വാർത്ത കൂടി പങ്കുവയ്ക്കാനുണ്ട്. ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു'- വിശാൽ കുറിച്ചു.
പതിനഞ്ചുവർഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് തമിഴ് താരങ്ങളായ വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. 48-ാം വയസിൽ പ്രണയസാഫല്യമായതിന്റെ ആഹ്ളാദത്തിലാണ് വിശാൽ. അടുത്തിടെ ധൻസിക നായികയായി എത്തുന്ന യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹകാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
35 കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺ മൈ, പരദേശി എന്നീ തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ദുൽഖർ സൽമാൻ നായകനായ ആന്തോളജി ചിത്രം സോളോയിൽ ഒരു നായികയായി മലയാളസിനിമയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു. എന്നാൽ വിശാലിന്റെ കൂടെ അഭിനയിച്ചിട്ടില്ല. താരസംഘടനയായ നടികർ സംഘത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം ലഭിച്ച ശേഷമേ താൻ വിവാഹം കഴിക്കൂവെന്ന് വിശാൽ മുൻപ് പറഞ്ഞിരുന്നു.
നടി വരലക്ഷ്മി ശരത് കുമാറുമായി വർഷങ്ങൾ നീണ്ട പ്രണയത്തിലായിരുന്നു വിശാൽ . ഇരുവരും ഗോസിപ്പ് കോളത്തിൽ നിറഞ്ഞു നിന്നു. എന്നാൽ ആ പ്രണയം വിവാഹത്തിൽ എത്തിയില്ല. 2019 ൽ തെലുങ്ക് നടി അനിഷ അല്ലു റെഡിയുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ആ ബന്ധവും വിവാഹത്തിൽ എത്തിയില്ല. ഇതേക്കുറിച്ച് വിശാലോ അനിഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |