2019ൽ പുറത്തിറങ്ങിയ ധനുഷ് ചിത്രം 'എന്നെ നോക്കി പായും തോട്ട' സംവിധാനം ചെയ്തത് ഗൗതം വാസുദേവ് മേനോനാണ്. എന്നാൽ ആ ചിത്രം എന്റെതല്ലെന്ന് പറയുന്ന ഗൗതമിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗലാട്ട പ്ലസിൽ നൽകിയ അഭിമുഖത്തിലാണ് ഗൗതം വാസുദേവ് മേനോൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
അവതാകൻ 'എന്നെ നോക്കി പായും തോട്ട'യുടെ പേര് പരാമർശിച്ചപ്പോൾ ഏത് സിനിമയെക്കുറിച്ചാണ് പറയുന്നതെന്ന് ഗൗതം അവതാരകനോട് ചോദിച്ചു. സിനിമയുടെ പേര് പറഞ്ഞപ്പോൾ അത് തന്റെ സിനിമയല്ലെന്നും അതിലെ ഒരു പാട്ട് മാത്രമേ ഓർമ്മയുള്ളുവെന്നുമാണ് ഗൗതം മറുപടി നൽകുന്നത്. ഈ വീഡിയോയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. താൻ സംവിധാനം ചെയ്ത സിനിമ എന്തുകൊണ്ടാണ് അദ്ദേഹം തള്ളിപ്പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ഗൗതം മേനോൻ സിനിമയാണെങ്കിലും നടൻ ധനുഷിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഒരുക്കിയ സിനിമയാണ് 'എന്നെ നോക്കി പായും തോട്ട' എന്നാണ് ചിലർ ആരോപിക്കുന്നത്. സ്ക്രിപ്റ്റിൽ ധനുഷ് അനാവശ്യമായ മാറ്റങ്ങൾ വരുത്തി ആവശ്യമില്ലാത്ത ചുംബന രംഗങ്ങൾ കുത്തിക്കേറ്റിയെന്നും ചിലർ അഭിപ്രായപ്പെടുന്നു. സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് ഗൗതം വാസുദേവ് മേനോൻ എന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ധനുഷ് നിയന്ത്രണം ഏറ്റെടുക്കുകയും അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയുമായിരുന്നു എന്ന അഭ്യൂഹം കോളിവുഡിൽ ശക്തമാണ്. സംഭവം എന്തായാലും വലിയ വിവാദമായിരിക്കുകയാണ്. സ്വന്തം സിനിമ തള്ളിപറയാനുള്ള കാരണം ഇതുവരെ ഗൗതം വെളിപ്പെടുത്തിയിട്ടില്ല. ധനുഷും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |