ചെന്നൈ: വായ്പാ കരാർ ലംഘിച്ച കേസിൽ നടനും നിർമ്മാതാവുമായ വിശാൽ കൃഷ്ണ ലൈക്ക പ്രൊഡക്ഷന് 30.05 കോടി രൂപയും 30 ശതമാനം പലിശയും നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യാഴാഴ്ചയാണ് വിശാലിനെതിരെ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി ഉത്തരവിട്ടത്. ലെയ്ക്ക പ്രൊഡക്ഷൻസ് നൽകിയ ഹർജിയിലാണ് വിധി. പരാതി നൽകിയ ലെയ്ക്ക പ്രൊഡക്ഷൻസിന്റെ കോടതി ചെലവും വിശാൽ തന്നെ വഹിക്കണെമെന്നാണ് കോടതിയുടെ നിർദ്ദേശം.
30% പലിശയോടൊപ്പം 30.05 കോടി രൂപ നടന് നൽകാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ലെയ്ക്ക പ്രൊഡക്ഷൻസ് 2021ലാണ് കോടതിയെ സമീപിച്ചത്. അൻബുചെഴിയന്റെ ഗോകുലം ഫിലിംസിൽ നിന്നാണ് രണ്ടുവർഷം മുമ്പ് വിശാൽ 30.05 കോടി രൂപയുടെ വായ്പ എടുക്കുന്നത്. എന്നാൽ പിന്നീട് ഗോകുലം ഫിലിംസിനെ ലെയ്ക്ക പ്രൊഡക്ഷൻ എറ്റെടുക്കുകയായിരുന്നു. വായ്പ എന്നാണോ തിരിച്ചടയ്ക്കാൻ കഴിയുക അന്ന് വരെ വിശാലിന്റെ എല്ലാ ചിത്രങ്ങളുടെയും അവകാശം ലെയ്ക്കക്കാകുമെന്ന കരാറും സൃഷ്ടിച്ചു.
എന്നാൽ കരാറുകളെയെല്ലാം കാറ്റിൽ പറത്തി സ്വന്തം ഇഷ്ട പ്രകാരം വിശാൽ തന്റെ സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് ലെയ്ക്ക നടപടിയെടുത്തത്. കേസിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച കോടതി 18 കോടി രൂപ കെട്ടി വയ്ക്കാനും ഉത്തരവിട്ടു. പണം നൽകാത്തപക്ഷം സിനിമകൾ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |