സിനിമാലോകത്ത് തന്റേതായൊരു ഇടം സൃഷ്‌ടിച്ചെടുത്ത ഇന്ത്യൻ താരമാണ് പ്രിയങ്ക ചോപ്ര. അമേരിക്കയിലേക്ക് ചേക്കേറിയിട്ടും ഇന്ത്യൻ ഭക്ഷണങ്ങളോടുള്ള തന്റെ താൽപ്പര്യത്തെപ്പറ്റി പ്രിയങ്ക പല അഭിമുഖങ്ങളിലായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ഇഷ്‌ടമുള്ള ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് പ്രിയങ്ക ചോപ്ര. തന്റെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ് ' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
'എനിക്ക് ഭക്ഷണം വളരെ ഇഷ്‌ടമാണ്. അതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാൻ പോലുമാകില്ല. ഭക്ഷണം കഴിക്കാനായാണ് ഞാൻ ജീവിക്കുന്നത്. ഉറക്കമുണരുന്നത് തന്നെ ഭക്ഷണത്തിനായാണ്. പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഉച്ചഭക്ഷണത്തെക്കുറിച്ചും ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത്താഴത്തെക്കുറിച്ചും ഞാൻ ചിന്തിക്കും. ഒരു പുതിയ നഗരത്തിലെത്തിയാൽ അവിടുത്തെ ഏറ്റവും നല്ല ഭക്ഷണശാലകൾ കണ്ടെത്തുക എന്നതാണ് എന്റെ ഹോബി.
ഇന്ത്യൻ ഭക്ഷണം തന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. സാധാരണയായി മുട്ട ഓംലറ്റ്, ടോസ്റ്റ്, അവൊക്കാഡോ ടോസ്റ്റ് എന്നിവ കഴിക്കാറുണ്ട്. എന്നാൽ, ഇഡലി, ദോശ, പോഹ എന്നിവ ആവശ്യത്തിലധികം കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്‌തി വേറെതന്നെയാണ്. രാവിലെ പറാത്തകൾ കഴിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്‌ടം. ഉച്ചഭക്ഷണം വീട്ടിൽ നിന്നുതന്നെ കഴിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്.
ഇന്ത്യയിലായിരിക്കുമ്പോൾ വീട്ടിലെ ഭക്ഷണം മാത്രമേ കഴിക്കാറുള്ളു. അടുത്തിടെ തുടങ്ങിയൊരു ശീലമുണ്ട്. ചട്‌നിക്കും മറ്റ് കറികൾക്കുമൊപ്പം റാഗി റൊട്ടികൾ കഴിക്കുക എന്നത്. റോസ്റ്റ് ചെയ്‌ത മീൻ ചേർത്ത സാലഡുകളും ഇഷ്‌ടമാണ്. ഡയറ്റിൽ മഖാന ഉൾപ്പെടുത്താറുണ്ട്. എന്തെങ്കിലും കൊറിക്കാൻ തോന്നുമ്പോൾ അത് കഴിക്കും. ഇവയോടൊപ്പം ഏട്ട് കുപ്പി വെള്ളം കുടിക്കുകയും ചെയ്യും' - പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |