കൊച്ചി : താര സംഘടനയായ അമ്മയിൽ ആരോപണവിധേയരായ താരങ്ങൾ മത്സരിച്ചാൽ എന്താണ് കുഴപ്പമെന്ന് അമ്മയുടെ നിലവിലെ എക്സിക്യൂവ് അംഗവും നടിയുമായ അൻസിബ ഹസൻ .ആരോപണ വിധേയരായ മന്ത്രിമാരില്ലേ, പിന്നെ ഇവിടെ ആരോപണ വിധേയർ മത്സരിച്ചാൽ എന്താണ് കുഴപ്പമെന്ന് നടി ചോദിച്ചു. അമ്മയിൽ ഓഗസ്റ്റ് 15ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി അംഗങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. അൻസിബ ഹസനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്.സമൂഹത്തിൽ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയേക്കാൾ വലുതാണ് രാഷ്ട്രീയം. അവിടെ ആരോപണ വിധേയർക്ക് മത്സരിക്കാമെങ്കിൽ ഇവിടെ എന്താണ് പ്രശ്‌നം എന്നും അൻസിബ കൂട്ടിച്ചേർത്തു. അമ്മയുടെ പുതിയ ഭരണനേതൃത്വത്തിലേക്ക് ആരോപണവിധേയരായവർ കടന്നുവരരുതെന്ന് സംഘടനയുടെ ഉള്ളിൽ നിന്നുതന്നെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് താരത്തിന്റെ പ്രതികരണം.
എന്നാൽ ആരോപണ വിധേയർ മാറിനിൽക്കുന്നതാണ് അന്തസെന്ന് നടൻ അനൂപ് ചന്ദ്രൻ പ്രതികരിച്ചു .അമ്മയിൽ ശുദ്ധീകരണത്തിനുള്ള സമയമാണ്, നല്ലൊരു അമ്മ വരട്ടെ' എന്നും താരം പറഞ്ഞു. മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക താരം സമർപ്പിച്ചിട്ടുണ്ട്..ആരോപണ വിധേയർ മത്സരിക്കരുതെന്ന് നടൻ രവീന്ദ്രനും പറഞ്ഞിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും, സംഘടനയിലെ ഭരണസമിതി അംഗങ്ങൾക്കെതിരെ അടക്കം ലൈംഗികപീഡന പരാതികൾ ഉയർന്നതിനും പിന്നാലെയാണ് അമ്മയുടെ നേതൃത്വം പിരിച്ചുവിട്ടത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . മത്സര രംഗത്ത് കൂടുതൽ ആളുകളുള്ള തിരഞ്ഞെടുപ്പ് ആണ് ഇത്തവണ സംഘടനയിൽ നടക്കുക. ശ്വേത മേനോനും ജഗദീഷും മത്സരരംഗത്ത് ഉണ്ട് . 32 വർഷത്തെ ചരിത്രത്തിൽ ഇത്രയും അധികം ആളുകൾ മത്സരിക്കാൻ വരുന്നത് ആദ്യമാണ്.110 അഭിനേതാക്കളാണ് നിലവിൽ നാമനിർദേശ പത്രിക വാങ്ങിയിട്ടുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |