കേരള ക്രൈം ഫയൽസ് സീസൺ 2വിലൂടെ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി നൂറിൻ ഷെരീഫ്. സ്റ്റെഫി എന്ന കഥാപാത്രമാണ് സീരിസിൽ നൂറിൻ അവതരിപ്പിച്ചത്. തന്റെ കരിയറിലെ തിരിച്ചടികൾക്ക് ശേഷം എല്ലാവർക്കും നന്ദിയും സന്തോഷവും പങ്കുവച്ചിരിക്കുയാണ് ഇപ്പോൾ താരം. തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും തെളിയിക്കാനും ഇതുപോലൊരു അവസരത്തിനായി കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ നൂറിൻ കുറിച്ചു.
നൂറിൻ ഷെരീഫിന്റെ കുറിപ്പ്;
'ഇങ്ങനെ സ്‌ക്രീനിൽ എന്നെത്തന്നെ കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു. എന്റെ ആദ്യ സിനിമയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ കരിയർ എങ്ങനെ നീങ്ങുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു. വളരെ മോശം സമയമായിരുന്നു, ഓരോ നിമിഷവും ഇങ്ങനെയൊരു കാര്യം സംഭവിക്കാൻ വളരെയധികം ആഗ്രഹിച്ചു!! അഹമ്മദ് കബീർ, ബാഹുൽ രമേശ് എന്നിവർ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും അവരുടെ സ്റ്റെഫിയാകാൻ എന്നെ തിരഞ്ഞെടുത്തതിനും നന്ദി അറിയിക്കുന്നു. എന്റെ ഏറ്റവും നല്ല കുടുംബമായി എനിക്കൊപ്പം നിന്ന എന്റെ സഹതാരങ്ങൾക്കും മുഴുവൻ ടീമിനും ഒരുപാട് സ്നേഹം.
റിലീസ് ചെയ്തതിനുശേഷം ഞങ്ങൾക്ക് ലഭിക്കുന്ന പ്രതികരണവും സ്നേഹവും കാണുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഈ ചെറിയ വലിയ ചുവടുവയ്പ്പ് എനിക്ക് വളരെ പ്രധാനപ്പെട്ടതായതിനാൽ ഞാനിപ്പോൾ കുറച്ച് ഇമോഷണലാണ്. ഈ അവസരം ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു ഒപ്പം ഇനി വരാൻ പോകുന്നത് എന്താണെന്നറിയാൻ കാത്തിരിക്കുകയാണ്. മാഷാ അല്ലാഹ്! എന്നെ സ്നേഹിക്കുകയും എനിക്ക് വേണ്ടപ്പോൾ എന്നെ ചേർത്തുപിടിച്ച എല്ലാവർക്കും നന്ദി'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |