കൊച്ചി: ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്ത് സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒന്നിലധികം പേർക്ക് ഒരേസമയം പാട്ടത്തിന് നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘത്തിനെതിരെ കൊച്ചിയിൽ പരാതി പ്രളയം. ഇതുവരെ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ രണ്ടും ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ എട്ടും കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ കേസുകൾ വരും ദിവസങ്ങളിലുണ്ടാകാനാണ് സാദ്ധ്യത.
സംഭവവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയായ തൃക്കാക്കര വാഴക്കാല മലബാർ അപ്പാർട്ട്‌മെന്റിലെ താമസക്കാരനായ മിന്റു കെ. മണിയെ (39) മാത്രമാണ് ഇതുവരെ പിടികൂടാൻ കഴിഞ്ഞത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരയായ കാക്കനാട് സ്വദേശിനി ആശ (54) ഇപ്പോഴും ഒളിവിലാണ്.
ആശയാണ് ഫ്‌ളാറ്റ് ഉടമയെന്ന് ധരിപ്പിച്ചാണ് എല്ലാ ഇടപാടുകളും നടത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശിയിൽ നിന്ന് പണം വാങ്ങുന്നതിന്റെയും രേഖകൾ പരിശോധിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിന്റുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമാനമായ കേസിൽ മിന്റു നേരത്തെയും അറസ്റ്റിലായിട്ടുള്ളതായും വിവരമുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി കൂടുതൽ
തിരുവനന്തപുരം വെസ്റ്റ് കാലടി സ്വദേശിയായ 49 വയസുകാരൻ പൊലീസിനെ സമീപിച്ചതോടെയാണ് വലിയ തട്ടിപ്പ് പുറത്തായത്. കാക്കനാട് മാണിക്കുളങ്ങര റോഡിലുള്ള ഗ്ലോബൽ വില്ലേജ് അപ്പാർട്ട്‌മെന്റിലെ എസ്.എഫ്. 16 എന്ന ഫ്‌ളാറ്റ് കാണിച്ചാണ് ഇയാളെ കബളിപ്പിച്ചത്. ആശ വിവിധ സ്ഥലങ്ങളിൽ ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്ത്, അവയുടെ ചിത്രങ്ങളടക്കം ഒ.എൽ.എക്‌സിൽ പങ്കുവച്ച് പരസ്യം ചെയ്യുകയായിരുന്നു പതിവ്. അഞ്ചു മുതൽ എട്ടു ലക്ഷം രൂപ വരെ പാട്ടത്തിന് ഫ്‌ളാറ്റുകൾ ലഭ്യമാണെന്ന് പരസ്യം നൽകിയാണ് ആളുകളെ ആകർഷിച്ചിരുന്നത്. ഇത്തരത്തിൽ പരസ്യം കണ്ടാണ് പരാതിക്കാരും കെണിയിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 6.5 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
വ്യാജ പട്ടയം ചമച്ചു
ഗ്ലോബൽ വില്ലേജ് അപ്പാർട്ട്‌മെന്റിലെ എസ്.എഫ്. 16 ഫ്‌ളാറ്റടക്കം വാടകയ്‌ക്കെടുത്ത ആശയും മിന്റുവും വ്യാജരേഖകൾ ചമച്ചാണ് പലർക്കായി പാട്ടക്കരാറിൽ ഏർപ്പെട്ടിരുന്നത്. കാക്കനാട്, തൃക്കാക്കര, ഇൻഫോപാർക്ക് മേഖല, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും ഇവർ ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പുകൾ പലവിധം
കരാർ എഴുതി പണം വാങ്ങിയ ശേഷം ഫ്‌ളാറ്റ് നൽകാത്തതാണ് ഒരു രീതി. ഫ്‌ളാറ്റ് നൽകിയ ശേഷം നേരത്തെ ഒഴിയാൻ ആവശ്യപ്പെടുകയും തുച്ഛമായ പണം മാത്രം തിരികെ നൽകി ബാക്കി തുക നൽകാതിരിക്കുകയുമാണ് മറ്റൊരു തട്ടിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |