മലപ്പുറം: കെണിയിൽവീണ ആളെക്കൊല്ലി കടുവയെ പുത്തൂരിലേക്ക് മാറ്റും. സുവോളജിക്കൽ പാർക്കിലേക്കായിരിക്കും മാറ്റുക. പതിനഞ്ച് വയസോളം പ്രായമുള്ള കടുവയ്ക്ക് കാഴ്ചക്കുറവുണ്ട്. കൂടാതെ ദേഹമാസകലം മുറിവുമുണ്ടെന്നാണ് വിവരം.
പ്രായാധിക്യവും പരിക്കുകളുമുള്ളതിനാൽ പെൺകടുവയെ കാട്ടിൽ തുറന്നുവിടാനാകില്ല. ഇര തേടാനുള്ള ശേഷിയില്ലാത്തതിനാൽ പുനരധിവാസമാണ് മുന്നിലുള്ള പോംവഴി. കടുവ മേയ് പതിനഞ്ചിന് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ അലിയെയാണ് (44) കൊലപ്പെടുത്തി ഭക്ഷിച്ചത്. സുഹൃത്തായ അബ്‌ദുൾ സമദിന്റെ കൺമുന്നിൽവച്ചാണ് കടുവ ഗഫൂറിനുമേൽ ചാടിവീണ് കഴുത്തിന് പിന്നിൽ കടിച്ചുവീഴ്‌ത്തി വലിച്ചിഴച്ച് കൊണ്ടുപോയി കൊന്നുതിന്നത്.
തുടർന്ന് പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർടി സംഘങ്ങളായി കടുവയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയും കൂട് സ്ഥാപിക്കുകയുമായിരുന്നു. ലൈവ് സ്‌ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ എന്നിവ പ്രദേശത്ത് സ്ഥാപിച്ചു.
കടുവയെ പിടികൂടാനായി മേയ് അവസാനത്തോടെ കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിൽ ഒരു പുലി കുടുങ്ങിയിരുന്നു. തുടർന്ന് പലയിടത്തും കെണി വച്ചു. 53-ാം ദിവസമായ ഇന്ന് രാവിലെയാണ് കടുവ കെണിയിൽ അകപ്പെട്ടത്. അടുത്ത കാലത്തുണ്ടായതിൽ വച്ച് ഏറ്റവും വലിയ കടുവ ദൗത്യം എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിക്കുന്നത്. രണ്ട് കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്‌ടർമാർ എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |