പുതുവർഷത്തിലെ ആദ്യ റിലീസുകളിൽ ഒന്നാണ് രണ്ട് എന്ന ചിത്രം. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ പരിഹസിക്കുന്ന ചിത്രംകൂടിയാണ് രണ്ട്. മതം ബന്ധങ്ങളെയും നിയമങ്ങളെയും ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് നവാഗത സംവിധായകനായ സുജിത് ലാലും തിരക്കഥാകൃത്ത് ബിനുലാൽ ഉണ്ണിയും ഓർമ്മപ്പെടുത്തുന്നു.
സമകാലിക രാഷ്ട്രീയത്തിൽ ഉൗന്നിയാണ് കഥയുടെ സഞ്ചാരം. രണ്ടു മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെയാണ് രണ്ട് എന്ന ചിത്രം പരിഹസിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ആക്ഷേപിച്ചതുപോലെ രണ്ട് എന്ന ചിത്രം രണ്ടു മതങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. എല്ലാ രാജ്യത്തും നടക്കുന്നത് മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമാണ്. എല്ലാവരുടെയും ഉള്ളിൽ ഭയം കൂടുന്നു. സമൂഹമാദ്ധ്യമങ്ങളിൽ മതത്തിന്റെ പേരിൽ കളിയാക്കലുകൾ നടക്കുകയാണ്. മതവികാരത്തെ രാഷ്ട്രീയ പാർട്ടികൾ
ചൂഷണം ചെയ്യുന്നതിൽ വിജയിച്ചുവെന്ന് രണ്ട് എന്ന ചിത്രം ഓർമ്മപ്പെടുത്തുന്നതിൽ പൂർണമായും വിജയിച്ചു. എല്ലായിടത്തും നമ്മൾ ഒന്നാണെന്ന് പറയുന്നു. എന്നാൽ കുറെപേരുടെ മനസിൽ രണ്ടാണ് എന്ന ചിന്ത ശക്തമാണെന്നും ഈ ചിത്രം ഉറക്കെ വിളിച്ചു പറയുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും വാവ.
160ലധികം കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. അന്ന രേഷ്മ രാജനാണ് നായിക. ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മെറീന മൈക്കിൾ, പ്രീതി എന്നിവരാണ് മറ്റു താരങ്ങൾ. ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച ചിത്രത്തിന് അനീഷ് ലാൽ ആർ. എസ്. ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്: മനോജ് കണ്ണോത്ത്. ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജിബാൽ. ചമയം : പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, കല : അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: അരുൺ മനോഹർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |