മലപ്പുറം: വിവാഹത്തിന് മുമ്പ് കാണാതായ പള്ളിപ്പുറം കുറുന്തല വീട്ടിൽ വിഷ്ണുജിത്തിനെ ആറാം നാൾ ഊട്ടിയിൽ കണ്ടെത്തി. മലപ്പുറം പൊലീസാണ് കണ്ടെത്തിയത്. ഇന്നലെ വിഷ്ണുജിത്തിന്റെ ഫോൺ ഒരുതവണ ഓണായത് അന്വേഷണത്തിന് തുമ്പായെന്നും സംഭവത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്‌പി വ്യക്തമാക്കി.
ഇന്നലെ വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ ഓണായിരുന്നു. ഊട്ടി കുനൂർ ആണ് ലൊക്കേഷൻ കാണിച്ചത്. ഇതുകേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
സഹോദരി വിളിച്ചപ്പോൾ വിഷ്ണുവിന്റെ ഫോൺ റിംഗ് ചെയ്തിരുന്നു. എന്നാൽ ഫോണെടുത്തെങ്കിലും മറുവശത്തുള്ളയാൾ സംസാരിക്കാതെ കട്ട് ചെയ്യുകയായിരുന്നു. എട്ട് വർഷമായി പ്രണയിക്കുന്ന യുവതിയുമായി ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിന് നാല് ദിവസം മുമ്പാണ് വിഷ്ണുജിത്തിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ് രാവിലെ വിഷ്ണുജിത്ത് വീട്ടിൽനിന്നു പോവുകയായിരുന്നു. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടിൽ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്.
പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്ന് തിരിച്ചെത്തുമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചറിയിച്ചിരുന്നു. അതിനുശേഷം വീട്ടിലേക്കു വിളിച്ചില്ല. തിരിച്ചുവിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ പരിധിക്കു പുറത്തായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
ബുധനാഴ്ച രാത്രി 7.45ന് പാലക്കാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂർ ബസിൽ കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മലപ്പുറം, വാളയാർ, കസബ പൊലീസ് സംയുക്തമായാണ് കേസ് അന്വേഷണം നടത്തിയത്. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിരുന്നു.കഞ്ചിക്കോട്ടെ സുഹൃത്തുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.വിഷ്ണുവിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് സുഹൃത്തിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |